സംസ്ഥാനത്തെ മുഴുവന്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പിലാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് ബാങ്കുകള്‍ അറിയിച്ചത്. അതേസമയം, ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ പ്രായോ​ഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ബാങ്കുകൾ. സംസ്ഥാനത്തെ മുഴുവന്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പിലാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് ബാങ്കുകള്‍ അറിയിച്ചത്. അതേസമയം, ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൊറട്ടോറിയവും പലിശയിളവും ചർച്ച ചെയ്യുന്നതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

വില്ലേജ് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രളയബാധിതമേഖലകള്‍ പ്രഖ്യാപിക്കുന്നതെങ്കിൽ, സംസ്ഥാന അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പ്രവർത്തന മേഖല തിരിച്ചിരിക്കുന്നത്. ഇതുമൂലം വില്ലേജ് അടിസ്ഥാനത്തില്‍ പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നല്‍കുന്നതില്‍ ശാഖകള്‍ക്കു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണു ബാങ്കുകളുടെ വാദം. നിലവിൽ 400 വില്ലേജുകളാണ് പ്രളയബാധിത മേഖലകളിൽ ഉൾപ്പെടുന്നതെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, വായ്പയുടെ ഈട് പ്രളയബാധിതമേഖലയിലാണെങ്കിലും പ്രളയബാധിതമേഖലയല്ലാത്ത വില്ലേജിന്റെ പരിധിയിൽ വരുന്ന ബാങ്ക് ശാഖയില്‍ നിന്നുള്ള വായ്പയ്ക്ക് മൊറട്ടോറിയം നല്‍കാനാവില്ലെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

തമിഴ്നാടിൽ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് സംസ്ഥാനവ്യാപകമായി പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഇതുപോലെ കേരളവും പ്രഖ്യാപിച്ചാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കുമെന്ന് ബാങ്കേഴ്സ് സമിതി പറയുന്നു. അതേസമയം നേരത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്ന സമയത്ത് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ബാങ്കേഴ്സ് സമിതി ഈ തടസം ഉന്നയിച്ചിരുന്നില്ല. എന്നാൽ സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ മൊറട്ടോറിയം നടപ്പാകില്ലെന്ന ആശങ്ക വേണ്ടെന്നും ബാങ്കേഴ്സ് സമിതിയുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് മീറ്റിൽ ജൂലായ് 31 മുതൽ മൊറട്ടോറിയം ബാധകമാവുക എന്ന് തീരുമാനിച്ചിരുന്നു. പ്രളയബാധിതരുടെ വിദ്യാഭ്യാസവായ്പയ്ക്ക് ആറുമാസത്തെയും മറ്റ് വായ്പകള്‍ക്ക് ഒരുവര്‍ഷത്തെയും മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിരുന്നത്.
വായ്പ എടുത്തവര്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ദുരിതബാധിതര്‍ക്ക് ഈടില്ലാതെ 10,000 രൂപ വരെ ലോണ്‍ അനുവദിക്കാനും കുടിശികയില്ലാത്ത കൃഷി വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റാമെന്നും യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം 18 മാസം വരെ നീട്ടാം. പ്രളയത്തില്‍ ബാങ്ക് രേഖകളോ കാര്‍ഡുകളോ നഷ്ടമായിട്ടുണ്ടെങ്കില്‍ അത് സൗജന്യമായി വീണ്ടും നല്‍കാനും യോഗം തീരുമാനിച്ചിരുന്നു.