തിരുവനന്തപുരം: 2017-18 വര്‍ഷം കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ വര്‍ഷമാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റിലൂടെ പ്രഖ്യാപിച്ചു. കെ എസ് ആര്‍ ടി സിയെ പ്രവര്‍ത്തനലാഭത്തിലെത്തിക്കുയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെ എസ് ആര്‍ ടി സിയിലെ വരവ്-ചെലവ് സന്തുലനം കൈവരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കെ എസ് ആര്‍ ടി സിയുടെ മാനേജ്മെന്റ് സമഗ്രമായി അഴിച്ചുപണിത്, പ്രൊഫഷണല്‍ വിദഗ്ദ്ധരെ നിയമിക്കും. കെ എസ് ആര്‍ ടി സിയില്‍ സമ്പൂര്‍ണ ഇ-ഗവര്‍ണന്‍സിനും വര്‍ക്ക് ഷോപ്പുകളുടെ നവീകരണത്തിനുമായി 21 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. മൂന്നു വര്‍ഷംകൊണ്ട് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 3000 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് ലഭ്യമാക്കും. കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് ആയി നല്‍കുമെന്നും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.