നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്കാരമെന്ന് വിശേഷിപ്പിച്ച എം.ടിക്ക് തുടര്‍ന്ന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ആമുഖമായി സൂചിപ്പിക്കുകയും ചെയ്തു. എം.ടിയുടെ കൃതികളിലെ മലയാളി ജീവിതത്തിലൂടെ തന്റെ ബജറ്റ് പ്രസംഗം കോര്‍ത്തുവെയ്ക്കുന്നുവെന്നും ഐസക് പറഞ്ഞു. തുടര്‍ന്ന് 12ഓളം തവണയാണ് അദ്ദേഹം എം.ടിയുടെ വിവിധ നോവലുകളില്‍ നിന്നുള്ള കഥാപാത്രങ്ങളെ ബജറ്റ് പ്രസംഗത്തില്‍ എത്തിച്ചത്.

ജലസംരക്ഷണത്തെക്കുറിച്ച് പ്രതിപാദിച്ചപ്പോള്‍ എം.ടിയുടെ മഞ്ഞ് എന്ന നോവലില്‍ നൈനിറ്റാള്‍ തടാകത്തെ വര്‍ണ്ണിക്കുന്ന ഭാഗമാണ് ഐസക് ഉദ്ധരിച്ചത്. തുടര്‍ന്ന് അത് നേരെ ശാസ്താംകോട്ട തടാകത്തിലേക്ക് മാറി. സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് എം.ടിയുടെ ഭീരു എന്ന കഥയിലെ ഒരു ഭാഗം ഉദ്ധരിച്ച് വിവരിച്ച ശേഷം ഇത് മാറാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നായിരുന്നു പ്രഖ്യാപനങ്ങള്‍. തെറ്റും തിരുത്തുമെന്ന ആദ്യകാല കഥയില്‍ എം.ടി തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചയിടത്ത് നിന്നാണ് പൊതുവിദ്യാലയങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ഐസക് കടന്നത്. സമ്പൂര്‍ണ്ണ സാമൂഹിക സുരക്ഷയിലേക്ക് കടന്നപ്പോള്‍ നാലുകെട്ടിലെ മുത്താച്ചിയായിരുന്നു ഐസകിന് കൂട്ട്. ഭിന്നശേഷിക്കാരുടെ സുരക്ഷക്ക് കുട്ട്യേട്ടത്തിയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ബജറ്റില്‍ കടന്നുവന്നു. ഏറ്റവുമൊടുവില്‍ നോട്ട് നിരോധനത്തെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് തോമസ് ഐസക് പ്രസംഗം ഉപസംഹരിച്ചത്.

ശ്രീനാരയണ ഗുരുവിന്റെ ഹിന്ദു മതാചാര്യനാക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശം കത്തിനിന്ന കഴിഞ്ഞ വര്‍ഷം ഐസകിന്റെ ബജറ്റ് പ്രസംഗത്തില്‍ നിറയെ ശ്രീനാരായണ ഗുരുവിന്റെ വാക്കുകളായിരുന്നു.