പശ്ചാത്തല സൗകര്യവികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ഊന്നിയാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടിക്ക് പുറമേ 182 റോഡുകള്‍ക്കായി 5,628 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ 69 പാലങ്ങള്‍ക്കായി 2,557 കോടിയും തീരദേശ ഹൈവേക്കായി 6,500 കോടിയും മലയോര ഹൈവേക്കായി 3500 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. രൂക്ഷമായ വേനല്‍ സംസ്ഥാനത്ത് കടുത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ 1696 കോടി രൂപയാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.

പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാ വര്‍ദ്ധനയ്ക്കും 1,000 കോടിയുടെ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2,500 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷയാണ് സര്‍ക്കാറിന്റെ ലക്ഷ്യമായി ധനമന്ത്രി പ്രഖ്യാപിച്ചത്. ആശുപത്രികളുടെ നിലവാര വര്‍ദ്ധനയ്ക്ക് പരിഗണന നല്‍കും. 8,000 പുതിയ തസ്തികകളാണ് വരുന്ന വര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പില്‍ പുതുതായി സൃഷ്ടിക്കാന്‍ പോകുന്നത്. ഹരിത കേരളം പദ്ധതിക്കും വലിയ പ്രാധാന്യം ബജറ്റ് നല്‍കിയിട്ടുണ്ട്. വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന നടപ്പാക്കും.

പൊതുവിദ്യാഭ്യാസമാണ് ബജറ്റില്‍ ഏറ്റവുമധികം പരിഗണന കിട്ടിയ മറ്റൊരു മേഖല. പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വര്‍ദ്ധന ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് പണം നീക്കിവെച്ചതിന് പുറമേ 1000 കുട്ടികള്‍ക്ക് മേലെയുള്ള സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും നല്‍കാനുള്ള പദ്ധതിയുമുണ്ട്. എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷനുകളും 1,100 രൂപയാക്കി ഉയര്‍ത്തി. പ്രവാസി പെന്‍ഷനും 2000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.