നിലവില്‍ ദിവസം 19 ലക്ഷം രൂപ നഷ്ടത്തിലാണ് കൊച്ചി മെട്രോ ഓടിക്കൊണ്ടിരിക്കുന്നത്
ഇടത്തരക്കാര്ക്കുള്ള ഫ്ലാറ്റുകളും വാണിജ്യ സമുച്ചയവും നിര്മ്മിച്ച് 300 കോടി വരുമാനം കണ്ടെത്താന് കൊച്ചി മെട്രോ. നിലവിലുള്ള നഷ്ടം നികത്തുന്നതിനു കാക്കനാട് എന്ജി ഒ ക്വാര്ട്ടേഴ്സിനടുത്തുള്ള 17 ഏക്കര് സ്ഥലത്ത് പാര്പ്പിട, വാണിജ്യ സമുച്ചയം നിര്മിക്കാനാണ് കെഎംആര്എല് പദ്ധതിയിടുന്നത്.
കൊച്ചി മെട്രോ നിലവില് വന്നു ഒരു വര്ഷം ആയിട്ടും നഷ്ടത്തിലാണ് ഓടുന്നത്. വര്ഷം തോറും 60 ലക്ഷം രൂപ സര്ക്കാരില് നിന്ന് ഗ്രാന്റ് കിട്ടിയാല് മാത്രമേ നിലവിലുള്ള നഷ്ടം നികത്തി കെഎംആര്എല്ലിനു മുന്നോട്ടു പോകാനാകുകയുള്ളൂ. ഈ തുക സംസ്ഥാന സര്ക്കാര് നല്കേണ്ടിവരും. മെട്രോയ്ക്ക് അനുമതി നല്കുന്ന ഘട്ടത്തില് സംസ്ഥാന സര്ക്കാരും കേന്ദ്ര സര്ക്കാരും കെഎംആര്എല്ലുമായുണ്ടാക്കിയ കരാര് പ്രകാരം നഷ്ടം സംസ്ഥാന സര്ക്കാരാണ് ഏറ്റെടുക്കേണ്ടത് എന്നതിനാലാണിത്. നിലവില് ദിവസം 19 ലക്ഷം രൂപ നഷ്ടത്തിലാണ് കൊച്ചി മെട്രോ ഓടിക്കൊണ്ടിരിക്കുന്നത്.
ടിക്കറ്റ്, പാര്ക്കിംഗ് തുടങ്ങിയ മാര്ഗങ്ങളില് നിന്ന് നിലവില് ഒരു ദിവസം 19 ലക്ഷം രൂപയാണ് ആകെ ലഭിക്കുന്നത്. എന്നാല് ഒരു ദിവസം മെട്രോ ഓടിക്കണമെങ്കില് 38 ലക്ഷം രൂപ ചിലവുണ്ട്. ഈ നഷ്ടം നികത്താന് ടൗൺഷിപ് പദ്ധതിയിലൂടെ സാധിക്കും എന്നാണ് കെഎംആര്എല്ലിന്റെ കണക്കുകൂട്ടല്.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്തുതന്നെ പദ്ധതിക്കായി സ്ഥലം അനുവദിച്ചെങ്കിലും ഇതുവരെ ഇത് മെട്രോക്ക് അനുവദിച്ചു കിട്ടിയിട്ടില്ല. ഇതിനായി പിഡബ്ല്യുഡിയുമായി ചര്ച്ചകള് നടന്നുകൊണ്ടിരിക്കുകയാണ്.
800 മുതല് 1000 സ്ക്വയര് ഫീറ്റ് വരെ വിസ്തീര്ണ്ണമുള്ള അപ്പാര്ട്ട്മെന്റുകളാണ് പദ്ധതിയുടെ ഭാഗമായി മെട്രോ വിഭാവനം ചെയ്യുന്നത്. താമസ സൗകര്യം കൂടാതെ ഓപ്പണ് സ്പേസ്, സൈക്കിള് ട്രാക്ക്, വാക്ക് വേ എന്നിവയും വ്യാപാര കേന്ദ്രങ്ങളും ടൗൺഷിപ്പിന്റെ ഭാഗമായിരിക്കും.
പദ്ധതിക്ക് വേണ്ട പണം ബാങ്കുകളില് നിന്നും മാറ്റു ഫിനാന്ഷ്യല് കമ്പനികളില് നിന്നും കണ്ടെത്തും. കൂടാതെ അപ്പാര്ട്ട്മെന്റുകള് ബുക്ക് ചെയ്യുന്ന വകയിലും കുറച്ചു പണം കണ്ടെത്താനാകും.
