സംസ്ഥാന സര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം അടുത്തമാസം കൊച്ചിയില്‍ നടക്കും. പൊതുമേഖലാ സ്ഥാപനമായ കെല്‍ (കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് പ്രൊഡക്ട്സ്) ആണ് 'ഇലെക്സ് 2017' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 17 വരെ കൊച്ചി സിയാല്‍ ട്രേഡ് സെന്ററിലായിരിക്കും നൂറിലധികം കമ്പനികളെയും അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളും അണിനിരത്തി രാജ്യാന്തര നിലവാരത്തില്‍ പ്രദര്‍ശനവും സെമിനാറും ഒരുങ്ങുന്നത്.

പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, അനുബന്ധ കമ്പനികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന 'ഇലെക്സ്' ഇത്തരത്തില്‍ ഒരു പൊതുമേഖലാ സ്ഥാപനം സംഘടിപ്പിക്കുന്ന ആദ്യ സംരംഭമാണ്. വൈദ്യുത വിതരണം, എല്‍.ഡി.ഡി ലൈറ്റ്, ട്രാന്‍സ്ഫോര്‍മാര്‍‍, സോളാര്‍ പാനല്‍, ഗാര്‍ഹിക വൈദ്യുത ഉപകരണങ്ങള്‍, വാണിജ്യ നിര്‍മ്മാണ വസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള കമ്പനികളെയാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിക്ഷേപകരുടെ പോലും ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാധ്യതകള്‍ വിവിധ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ 'ഇലെക്സ്' ദിശാബോധം നല്‍കും. രാജ്യാന്തര തലത്തില്‍ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് കേരളം. ഈ അവസരം മുതലെടുക്കാന്‍ ഒട്ടേറെ കമ്പനികളാണ് കേരളത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം ഇവിടേക്ക് കേന്ദ്രീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തെ വിവിധ തുറകളില്‍ പെടുന്ന ജനങ്ങളോട് നേരിട്ട് ബന്ധപ്പെടാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരം കൂടിയാവും 'ഇലെക്സ് 2017'. സംസ്ഥാനത്തെ 150ഓളം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നൂതന സാങ്കേതിക ആശയങ്ങള്‍ മാറ്റുറയ്ക്കാനുള്ള മത്സര വേദിയും 'ഇലെക്സ്' ഒരുക്കും.

പ്രദര്‍ശനത്തിന് സമാന്തരമായി നടക്കുന്ന സെമിനാറില്‍ ഊര്‍ജ്ജ രംഗത്തെയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അനുബന്ധ മേഖലകളിലെയും വിവിധ വിഷയങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ചയാവും. ഡിസംബര്‍ 13 മുതല്‍ 15 വരെ അഞ്ച് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ സംസ്ഥാനത്തെ  ഊര്‍ജ്ജ കാര്യക്ഷമത, വ്യാവസായിക രംഗങ്ങളിലെ ഊര്‍ജ്ജ മാനേജ്മെന്റ്, സംസ്ഥാനത്തെ എനര്‍ജി ഓഡിറ്റ് സ്ഥാപനങ്ങള്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സ്മാര്‍ട്ട് പദ്ധതികള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, സംസ്ഥാനത്തിന്റെ സൗരോര്‍ജ്ജ സാധ്യതകള്‍, ഇലക്ട്രിക്കല്‍ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് ചര്‍ച്ച നയിക്കുന്നതും പങ്കെടുക്കുന്നതും.

ഇലക്ട്രിക്കല്‍, അനുബന്ധ എഞ്ചിനീയറിങ് വ്യവസായ രംഗങ്ങളില്‍ ഇതുവരെ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനത്തിന്റെ സാധ്യതകള്‍ തുറന്നിടുന്ന പ്രദര്‍ശനം ഈ രംഗങ്ങളിലെല്ലാം വലിയ ഉണര്‍വ്വുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ലക്ഷ്യം വെച്ചുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.