തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ പുതിയ തന്ത്രവുമായി മാനേജ്‌മെന്റ്. കേരളത്തിന് പുറത്തേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകളില്‍ തിരക്കുള്ള സമയങ്ങളില്‍ 10 ശതമാനം അധികനിരക്ക് ഏര്‍പ്പെടുത്തും. തിരക്ക് കുറവുള്ളപ്പോള്‍ പത്ത് ശതമാനം ഇളവും നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ക്രിസ്മസ് അവധിക്കാലത്ത് ചില അന്തര്‍സംസ്ഥാന ബസുകളില്‍ ഫ്‌ലക്‌സി ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയത് വിജയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഘടന പരിഷ്‌കരിച്ച്, ഫ്‌ലക്‌സി സംവിധാനം വ്യാപിപ്പിക്കുന്നത്. ഇതുവഴി ടിക്കറ്റ് വരുമാനം വര്‍ദ്ധിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍.
അടുത്ത മൂന്നുമാസത്തേക്കുളള ഫ്‌ലക്‌സി നിരക്കിന് കെ.എസ്.ആര്.ടി.സി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.ഇനിമുതല്‍ വെളളിയാഴ്ചകളില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും ഞായറാഴ്ചകളില്‍ തിരിച്ചും രാത്രി ബസ്സുകളില്‍ 10 ശതമാനം അധിക നിരക്ക് നല്‍കേണ്ടി വരും. പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്താനും അനുമതിയായിട്ടുണ്ട്. തിരുവനന്തപുരം,എറണാകുളം,തലശ്ശേരി,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പോണ്ടിച്ചേരിയിലേക്കും കൊച്ചി,കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് ഗോവയിലേക്കുമാണ് പുതിയ സര്‍വ്വീസുകള്‍.
