ജൂലൈ ഒന്നുമുതൽ രാജ്യത്തു ജിഎസ്‍ടി നടപ്പാകുന്നതോടെ നികുതിഘടനയിൽ വരുന്ന മാറ്റങ്ങളിൽ ആശങ്കയോടെ സംസ്ഥാനത്തെ വ്യാപാരികൾ. ജിഎസ്‍ടി സമ്പ്രദായം നടപ്പാക്കാൻ സാവകാശം വേണമെന്നും വ്യാപാരികളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജ്യത്തു ജൂലൈ ഒന്നു മുതൽ ജിഎസ്‍ടി നടപ്പാക്കാനൊരുങ്ങുമ്പോൾ സംസ്ഥാനത്തെ വ്യാപാരികളുടെ ആശങ്കകളും അവസാനിക്കുന്നില്ല. ജൂലൈ ഒന്നു മുതൽ വില വർദ്ധിക്കുന്ന ഉല്പന്നങ്ങളിൽ പരമാവധി വില്‍പ്പന വില (എം.ആർ.പി) പ്രിന്റ് ചെയ്തവ എങ്ങനെ വിറ്റഴിക്കുമെന്നും അതുവഴിവരുന്ന നഷ്ടം എങ്ങനെ നികത്തുമെന്നും വ്യാപാരികൾ ചോദിക്കുന്നു. നിലവിൽ സ്റ്റോക് ചെയ്ത ഉത്പന്നങ്ങൾക്ക് സർക്കാരിലേക്ക് നല്‍കിക്കഴിഞ്ഞ നികുതിയുടെ ഒരു ഭാഗം ജിഎസ്‍ടി നടപ്പാകുന്നതോടെ കച്ചവടക്കാർക്ക് തിരിച്ചു ലഭിക്കേണ്ടതാണ്. എങ്കിലും ഇത് എങ്ങനെ നടപ്പാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ വ്യക്തത ഇല്ലെന്നും വ്യാപാരികൾ ആരോപിക്കുന്നുണ്ട്.

അതേസമയം ജിഎസ്‍ടി നടപ്പാക്കുന്നതിന് സാവകാശം വേണമെന്നും അത് ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരൊറ്റ രാത്രികൊണ്ട് രാജ്യം പുതിയ നികുതിഘടനയിലേക്ക് മാറുമ്പോൾ അത് ഉൾക്കൊള്ളാൻ സാവകാശം ലഭിക്കുമെന്ന് തന്നെയാണ് വ്യാപാരികളുടെ ഉറച്ച പ്രതീക്ഷ.