Asianet News MalayalamAsianet News Malayalam

സ്ത്രീ തൊഴിലാളികളെ രാത്രി ജോലിക്ക് നിയോഗിക്കാനുള്ള നിയമഭേദഗതിയില്‍ ആശങ്ക

അഞ്ചിൽ രണ്ടു പേർ സ്ത്രീകൾ എന്ന അനുപാതത്തിലാണ് രാത്രികാലങ്ങളിൽ തൊഴിലിടങ്ങളിൽ  സ്ത്രീകളെ നിയോഗിക്കേണ്ടത്. എന്നാൽ ഇങ്ങനെ ജോലി ചെയ്യേണ്ടി വരുമ്പോൾ മതിയായ സുരക്ഷാ കിട്ടുമോ എന്ന ആശങ്ക സ്ത്രീതൊഴിലാളികൾക്കിടയിലുണ്ട്. ഭേദഗതി നിർദ്ദേശിച്ച സബ്ജറ്റ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങൾ പുതിയ പരിഷ്കാരത്തെ എതിര്‍ത്തിരുന്നു. 

law amendment allows women employees to work at night
Author
Kozhikode, First Published Dec 7, 2018, 7:14 PM IST

കോഴിക്കോട്: സ്ത്രീകളെ രാത്രികാലങ്ങളിൽ ജോലിക്ക് നിയോഗിക്കാമെന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഭേഗഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് സ്ത്രീ തൊഴിലാളികൾ. രാത്രികാലത്തെ ജോലി സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.

കഴിഞ്ഞ ദിവസമാണ് കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്  നിയമഭേദഗതി നിയമസഭ പാസാക്കിയത്. തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശമാണ് ഭേദഗതിയിലെ പ്രാധാന വ്യവസ്ഥ. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി.പകരം ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് നിയമത്തിൽ പറയുന്നു.

സ്ത്രീതൊഴിലാളികളുടെ ജോലിസമയത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്.നേരത്തെ സ്ത്രീകൾ ജോലി ചെയ്യേണ്ട പരമാവധി സമയം രാത്രി 7 മണി വരെ ആയിരുന്നത് 9 മണിയാക്കി നീട്ടി. കൂടാതെ രാത്രികാലങ്ങളിലും സ്ത്രീകളെ തൊഴിലുടമക്ക് ജോലിക്ക് നിയോഗിക്കാം. ഇതിന് തൊഴിലാളിയുടെ സമ്മതപത്രം ആവശ്യമാണ്. 5 അനുപാതം 2 എന്ന നിലയിലാണ് രാത്രികാലങ്ങളിൽ സ്ത്രീകളെ നിയോഗിക്കേണ്ടത്. എന്നാൽ ഇങ്ങനെ ജോലി ചെയ്യേണ്ടി വരുമ്പോൾ മതിയായ സുരക്ഷാ കിട്ടുമോ എന്ന ആശങ്ക സ്ത്രീതൊഴിലാളികൾക്കിടയിലുണ്ട്.

ഭേദഗതി തയ്യാറാക്കിയ സബ്ജറ്റ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങൾ രാത്രികാലങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്ന വ്യവസ്ഥയിൽ വിയോജനകുറിപ്പ് എഴുതിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.1960ലെ കേരള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന്‍റെ പരിധിയിൽ  മൂന്നരലക്ഷം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികളാണ് നിയമത്തിന്റെ പരിധിയില്‍ വരിക.

തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശം നൽകുന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമഭേദഗതി അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്ന് സ്ത്രീ തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം സ്ത്രീകളെ രാത്രികാലങ്ങളിൽ ജോലിക്ക് നിയോഗിക്കാമെന്ന നിയമത്തിലെ വ്യവസ്ഥ തൊഴിൽ ചൂഷണത്തിന് വഴിവയ്ക്കുമോ എന്നവർ ആശങ്കപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios