ചരക്ക് സേവന നികുതിയുടെ പേരില്‍ അമിത വില ഈടാക്കിയ 95 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ്സെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് നടപടി. 

അരി-പച്ചക്കറി മൊത്ത വിപണന കേന്ദ്രങ്ങള്‍, പലചരക്ക് കടകള്‍, തുണിക്കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന നടത്തിയത്. എം.ആര്‍.പിയെക്കാള്‍ ഉയര്‍ന്ന വിലയ്‌ക്ക് സാധനങ്ങള്‍ വില്‍ക്കുന്നു. ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്ന തുടങ്ങിയ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലായിരുന്നു പരിശോധന. 95 കേന്ദ്രങ്ങള്‍ക്കെതിരെ കേസ്സെടുത്തു. ജി.എസ്.ടി നിയമപ്രകാരം കേന്ദ്രം രൂപീകരിക്കുന്ന അതോററ്റിക്കാണ് നടപടിയെടുക്കാനുള്ള അധികാരം. അതിനാല്‍ തന്നെ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ നിസ്സാര പിഴ ചുമത്താന‍്‍ മാത്രമെ കഴിയൂ. പുതിയ ബില്ലിങ് സോഫ്റ്റ് വെയര്‍ ആയിട്ടില്ലെന്ന വ്യാപാരികളുടെ വാദം ശരിയാണെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ബ്രാന്‍ഡഡ് അരി, തുണിത്തരങ്ങള്‍ എന്നിവയില്‍ പതിച്ച വിലയില്‍ മാറ്റം വരുത്താനാവില്ലെന്നാണ് ചെറുകിട കച്ചവടക്കാരുടെ പക്ഷം.