ദില്ലി: വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലോഗോയും ട്രേഡ് മാര്‍ക്കും ബാങ്കുകള്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു. ഈ മാസം 30നു ലേലം നടത്താനാണു നീക്കം. 

എസ്ബിഐ കാപ്സ് ട്രസ്റ്റിയാണ് ഓണ്‍ലൈനിലൂടെ ലേലം നടത്തുക. കിങ്ഫിഷറിന്റെ ഫ്ലൈയിങ് മോഡല്‍സ്, ഫ്ലൈ ദ ഗുഡ് ടൈംസ്, ഫണ്‍ലൈനര്‍, ഫ്ലൈ കിങ്ഫിഷര്‍, ഫ്ലൈയിങ് ബേഡ് ഡിവൈസ് എന്നിവയ്ക്കെല്ലാം കൂടി 336 രൂപയാണു മുഖവില നിശ്ചയിച്ചിരിക്കുന്നത്. ട്രേഡ് മാര്‍ക്കുകളും ലോണ്‍ എടുക്കുന്നതിനു മല്യ ഈടായി നല്‍കിയിരുന്നു.

നേരത്തെ, കിങ് ഫിഷറിന്റെ ആസ്ഥാന മന്ദിരം ലേലം ചെയ്യാന്‍ ബാങ്കുകള്‍ നീക്കം നടത്തിയിരുന്നെങ്കിലും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ടുവരാതിരുന്നതിനാല്‍ റദ്ദാക്കേണ്ടിവന്നു. 150 കോടി രൂപയാണ് ആസ്ഥാന മന്ദിരത്തിന്റെ മൂല്യം നിശ്ചയിച്ചിരുന്നത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9400 കോടി രൂപ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്കു കടന്ന മല്യയെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുന്നുണ്ട്. മല്യയുടെ പാസ്പോര്‍ട്ട് ഈ മാസം 15നു വിദേശകാര്യ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു.