പ്രധാനമന്ത്രിക്ക് കിങ്ഫിഷര്‍ ജീവനക്കാരുടെ വൈകാരിക കത്ത്

ദില്ലി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ്‍മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. കിങ്ഫിഷര്‍ കമ്പനി പൂട്ടിയിട്ട് ആറ് വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ജീവനക്കാരാണ് നരേന്ദ്ര മോദിയോട് വേഗത്തില്‍ നടപടി ആവശ്യപ്പെട്ട് കത്ത് എഴുതിയത്.

ലണ്ടനിലും മറ്റ് വിദേശ രാജ്യങ്ങളിലും കിങ്ഫിഷറിനായി ജോലി ചെയ്തവര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്‍കി. എന്നാല്‍ ഇന്ത്യയില്‍ മാത്രം കമ്പനി യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. "മല്യയുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു, അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ" എന്ന് തുടങ്ങുന്ന ജീവനക്കാരുടെ കത്ത് അത്യന്തം വൈകാരികമാണ്. കടുത്ത ശിക്ഷ അയാള്‍ക്ക് നല്‍കണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

കിങ്ഫിഷര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടി തുടരുകയാണ്. തൊഴില്‍ വകുപ്പില്‍ തങ്ങള്‍ കൂട്ടമായും അല്ലാതെയും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ കിങ്ഫിഷര്‍ ജീവനക്കാര്‍ പ്രസ്തുത വിഷയത്തില്‍ നിരാഹാര സമരം വരെ നടത്തിയിരുന്നു. ജീവനക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിയാതെ വന്നതോടെ നിരവധി പേര്‍ ജീവിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്.