ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഒരു ബാങ്കിന്‍റെ ഭൂരിപക്ഷം ഓഹരികളും ഒരു നിക്ഷേപ സ്ഥാപനം മാത്രമായി ഏറ്റെടുക്കാനൊരുങ്ങുന്നത്.

തിരുവനന്തപുരം: ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനുമായി ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാന്‍ ലക്ഷ്മി വിലാസ് ബാങ്ക് തയ്യാറെടുക്കുന്നു. 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ചെന്നൈ ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്കിന് തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, കേരളം എന്നിവടങ്ങളിലെ സാമൂഹിക- സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. 

കേരളത്തിലെ പ്രമുഖ ബാങ്കായ സിഎസ്ബി ( കാത്തലിക്ക് സിറിയന്‍ ബാങ്ക്) നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓഹരി വിറ്റഴിക്കല്‍ മാതൃകയ്ക്ക് സമാനമാണിത്. കാത്തലിക്ക് സിറിയന്‍ ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ കനേഡിയന്‍ വ്യവസായിയായ പ്രേം വാട്‍സയുടെ ഫെയര്‍ഫാക്സ് ഹോള്‍ഡിങ്സ് ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ഓഹരി വില്‍പ്പനയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കൂടി ലഭിച്ചാല്‍ ഇടപാടുകള്‍ പൂര്‍ത്തിയാവും. ഏകദേശം 1,200 കോടി രൂപയാണ് ഫെയര്‍ഫാക്സ് ഹോള്‍ഡിങ്സ് സിഎസ്ബിയില്‍ മുതല്‍ മുടക്കുന്നത്. 

ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഒരു ബാങ്കിന്‍റെ ഭൂരിപക്ഷം ഓഹരികളും ഒരു നിക്ഷേപ സ്ഥാപനം മാത്രമായി ഏറ്റെടുക്കാനൊരുങ്ങുന്നത്. സിഎസ്ബി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇതേ മാതൃകയ്ക്ക് ഏകദേശം സമാനമാണ് പ്രമുഖ പൊതുമേഖല ബാങ്കായ ഐഡിബിഐയെ ഏറ്റെടുക്കുന്ന എല്‍ഐസിയുടെ നടപടിയും.

ലക്ഷ്മി വിലാസ് ബാങ്കിന് നിക്ഷേപകരെ കണ്ടെത്തുന്നതിനായുളള ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറായി ജെ. പി. മോര്‍ഗന്‍ ആന്‍ഡ് ചേസിനെ നിയോഗിച്ചു. 1926 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് നിലവില്‍ 560 ഓളം ശാഖകളുണ്ട്. ഏകദേശം 2,500 കോടി രൂപയാണ് ബാങ്കിന്‍റെ വിപണി മൂല്യം.