മദ്യനികുതി ഏകീകരിച്ചു: ഇന്നു മുതല്‍ വില വര്‍ധിക്കും

First Published 1, Apr 2018, 9:56 AM IST
liquor price increased
Highlights
  • സെസും സര്‍ചാര്‍ജും എടുത്തു കളഞ്ഞ് രണ്ട് സ്ലാബുകളിലായി മദ്യനനികുതി ഏകീകരിക്കുകയും, മദ്യവിലയിലെ ചില്ലറ വ്യത്യാസം ഒഴിവാക്കുകയും ചെയ്തതോടെയാണ് ചില ബ്രാന്‍ഡ് മദ്യങ്ങള്‍ക്ക് പത്ത് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെ വില കൂടാന്‍ വഴി തുറന്നത്. 

തിരുവനന്തപുരം: മദ്യനികുതി ഏകീകരിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് മദ്യവിലയില്‍ ഇന്നു മുതല്‍ പത്ത് രൂപ മുതല്‍ 40 രൂപ വരെ വര്‍ധനയുണ്ടാവും.

ചില ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്കായിരിക്കും വില വര്‍ധനയുണ്ടാവുക. നേരത്തെ ബജറ്റില്‍ മദ്യത്തിനുണ്ടായിരുന്ന പല വിധ സെസുകളും സര്‍ചാര്‍ജുകളും സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. പകരം രണ്ട് സ്ലാബുകളിലായി മദ്യനികുതി ഏകീകരിച്ചു. കെയ്‌സിന് 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 200 ശതമാനവും 400 രൂപയ്ക്ക് മുകളിലുള്ളതിന് 210 ശതമാനമായും മാറ്റി. 

ഇങ്ങനെ സെസും സര്‍ചാര്‍ജും എടുത്തു കളഞ്ഞ് രണ്ട് സ്ലാബുകളിലായി മദ്യനനികുതി ഏകീകരിക്കുകയും, മദ്യവിലയിലെ ചില്ലറ വ്യത്യാസം ഒഴിവാക്കുകയും ചെയ്തതോടെയാണ് ചില ബ്രാന്‍ഡ് മദ്യങ്ങള്‍ക്ക് പത്ത് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെ വില കൂടാന്‍ വഴി തുറന്നത്. 

നികുതി ഏകീകരണം വഴി മദ്യത്തിന് വന്‍തോതില്‍ വില കൂടാതിരിക്കാന്‍ വെയര്‍ഹൗസുകളുടെ ലാഭവിഹിതം 29 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറച്ചിട്ടുണ്ട്. പുതിയ നികുതി പരിഷ്‌കാരത്തിലൂടെ പ്രതിവര്‍ഷം 30 കോടി മുതല്‍ നൂറ് കോടി വരെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കുമെന്ന് ബെവ്‌കോ എംഡി എച്ച്.വെങ്കിടേഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

loader