നോട്ട് പ്രതിസന്ധി മൂലം തമിഴ്നാട്ടിലെ മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍. ഒരാഴ്ച കൊണ്ട് തമിഴ്നാട്ടിലെ ബിവറേജസ് കോ‍ര്‍പ്പറേഷനായ ടാസ്മാകിന്‍റെ വരുമാനത്തില്‍ നൂറു കോടി രൂപയുടെ കുറവുണ്ടായതായി വില്‍പനക്കണക്കുകള്‍ സൂചിപ്പിക്കുന്നു. തമിഴ്നാടിന്‍റെ ഖജനാവില്‍ വരുമാനത്തിന്‍റെ മുപ്പത് ശതമാനവും ടാസ്മാകില്‍ നിന്നുള്ള ലാഭമാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.

സാധാരണ ശനിയാഴ്ച വൈകുന്നേരങ്ങളില്‍ നീണ്ട ക്യൂ കാണാറുള്ള ചെന്നൈ ഗ്രീംസ് റോഡിലെ ഈ ടാസ്മാക് കടയില്‍ കഴിഞ്ഞ ദിവസം വിരലിലെണ്ണാവുന്നവര്‍ മാത്രം. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം വില്‍പനയില്‍ നാല്‍പത് ശതമാനത്തിന്‍റെയെങ്കിലും കുറവുണ്ടായതായി ടാസ്മാക് ജീവനക്കാരും സമ്മതിയ്‌ക്കുന്നു.

6195 ഔട്ട്‍ലെറ്റുകളില്‍ നിന്നായി ദിവസവും 70 കോടിയോളം രൂപയുടെ മദ്യമാണ് ടാസ്മാക് വഴി വില്‍പന നടത്തിയിരുന്നതെങ്കില്‍ നവംബര്‍ ഒമ്പതിന് ശേഷം ദിനം പ്രതി 15 കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടായതായി ടാസ്മാകിന്‍റെ വില്‍പനക്കണക്കുകള്‍ സൂചിപ്പിക്കുന്നു. തമിഴ്നാടിന്‍റെ ഖജനാവിന്‍റെ മുപ്പത് ശതമാനവും ടാസ്മാകില്‍ നിന്നുള്ള വരുമാനമാണെന്നിരിയ്‌ക്കെ, സംസ്ഥാനത്തിന്‍റെ സാമ്പത്തികഭദ്രതയെത്തന്നെ ഗുരുതരമായി ബാധിച്ചേയ്‌ക്കാവുന്ന ഒന്നായി നോട്ട് പ്രതിസന്ധി മാറുകയാണ്.