ദില്ലി: ട്രെയിന്‍ യാത്രകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യിലെടുക്കാന്‍ വിട്ടുപോയവര്‍ ഇനി പേടിക്കേണ്ട. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ തന്നെ തിരിച്ചറിയാല്‍ രേഖയായി ഇനി ഉപയോഗിക്കാം. ആധാര്‍ കാര്‍ഡിന്റെ മൊബൈല്‍ പതിപ്പായ എം ആധാര്‍, റെയില്‍വെ അംഗീകൃത തിരിച്ചറിയല്‍ രേഖയായി ഇനി കണക്കാക്കും.

യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ മൊബൈല്‍ ആപ്പാണ് എം ആധാര്‍. ആധാര്‍ എന്‍റോള്‍മെന്റ് സമയത്ത് തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ഇതുപയോഗിച്ച് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ആപ്പ് തുറന്ന് നേരത്തെ സെറ്റ് ചെയ്യുന്ന പാസ്‍വേഡ് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ആധാര്‍ കാര്‍ഡ് എവിടെയും കാണിക്കാന്‍ കഴിയും. ആധാറിനായി വിവരങ്ങള്‍ നല്‍കിയ സമയത്ത് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടില്ലെങ്കിലോ, അപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ കൈവശമില്ലെങ്കിലോ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇത് തിരുത്താനും കഴിയും.

റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍ നിര്‍ബന്ധമാണ്. തിരിച്ചറിയല്‍ രേഖ കൈവശമില്ലെങ്കില്‍ ടിക്കറ്റ് ഇല്ലാത്തതായി പരിഗണിക്കുകയും ചെയ്യും.