നിലവില്‍ എ.ടി.എം മെഷീനുകളും വ്യാപാര സ്ഥാപനങ്ങളിലുള്ള പി.ഒ.എസ് മെഷീനുകളും രണ്ട് തരം കാര്‍ഡുകളും സ്വീകരിക്കുന്നവയാണ്

ദില്ലി: നേരത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന മാഗ്നറ്റിക് സ്ട്രിപ്പ് എ.ടി.എം കാര്‍ഡുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഉപയോഗ ശൂന്യമാകും. ഇവയ്‌ക്ക് പകരം ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ള ഇ.എം.വി കാര്‍ഡുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ നല്‍കും. ഇതിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന സമയപരിധി 2018 ഡിസംബര്‍ 31ന് അവസാനിക്കും. മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെ 2015 സെപ്തംബറിലാണ് റിസര്‍വ് ബാങ്ക് ഇ.എം.വി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

നിലവില്‍ കാലാവധി കഴിയുന്ന എ.ടി.എം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുകളുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ക്കും പഴയ കാര്‍ഡുകള്‍ നഷ്ടപ്പെട്ടിട്ട് പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കും ഇ.എം.വി കാര്‍ഡുകള്‍ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ പഴയ മാഗ്നറ്റിക് സ്ട്രിപ്പുകളുള്ള കാര്‍ഡുകള്‍ ഇപ്പോഴും വലിയൊരു ശതമാനം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ മുഴുവന്‍ പൂര്‍ണ്ണമായും മാറ്റി നല്‍കേണ്ടി വരും. മിക്ക ബാങ്കുകളും പുതിയ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്. ഇവ ലഭിച്ച് 30 ദിവസത്തിനകം പഴയ കാര്‍ഡുകള്‍ അസാധുവാകും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകള്‍ വഴിയും പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കാം.

നിലവില്‍ എ.ടി.എം മെഷീനുകളില്‍ സ്കിമ്മറുകള്‍ സ്ഥാപിച്ചാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ കാര്‍ഡുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് ഉപയോഗിച്ച് വ്യാജ കാര്‍ഡുകള്‍ തയ്യാറാക്കി തട്ടിപ്പുകള്‍ നടത്താറാണ് പതിവ്. എന്നാല്‍ ചിപ്പുകള്‍ ഘടിപ്പിച്ച കാര്‍ഡുകളില്‍ ഇത്തരം തട്ടിപ്പ് നടത്താനാവില്ല. നിലവില്‍ എ.ടി.എം മെഷീനുകളും വ്യാപാര സ്ഥാപനങ്ങളിലുള്ള പി.ഒ.എസ് മെഷീനുകളും രണ്ട് തരം കാര്‍ഡുകളും സ്വീകരിക്കുന്നവയാണ്. അടുത്ത വര്‍ഷം മുതല്‍ മാഗ്നറ്റക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ എവിടെയും ഉപയോഗിക്കാനാവില്ല.