ഗൗതം അദാനിക്കെതിരായ ക്രിമിനൽ തട്ടിപ്പ് കേസുകൾ അമേരിക്ക പിൻവലിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ നേട്ടമുണ്ടായി. ഇന്ത്യയിലെ സൗരോർജ്ജ കരാറുകൾക്കായി കൈക്കൂലി നൽകിയെന്ന കേസും ഇറാനിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട ഉപരോധ ലംഘന കേസുമാണ് ഒത്തുതീർപ്പാക്കിയത്.

ഗൗതം അദാനിക്കെതിരെ അമേരിക്കയിലുണ്ടായിരുന്ന ക്രിമിനല്‍ തട്ടിപ്പ് കേസുകള്‍ പിന്‍വലിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ നേട്ടം. 0.13% മുതല്‍ 2.32% വരെ കുതിപ്പ് ഓഹരികളിലുണ്ടായി. കമ്പനിക്കു മേലുണ്ടായിരുന്ന വലിയ നിയമക്കുരുക്കുകള്‍ക്കാണ് ഇതോടെ ആശ്വാസമാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ ലഭിക്കാന്‍ കോടികളുടെ കൈക്കൂലി നല്‍കിയെന്ന കേസാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ, ഇറാനില്‍ നിന്നുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഉപരോധം ലംഘിച്ചുവെന്ന കേസും ഒത്തുതീര്‍പ്പാക്കി.

ഓഹരി വിപണിയിലെ നേട്ടം

ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ പ്രീ-ഓപ്പണ്‍ വ്യാപാരത്തില്‍ 1.67% ഉയര്‍ന്നാണ് തുടങ്ങിയത്. പിന്നീട് നേട്ടം 2.06 ശതമാനമായി വര്‍ധിച്ച് 2,475.30 രൂപയിലെത്തി.

അമേരിക്കന്‍ കേസുകളുടെ പശ്ചാത്തലം

ഇന്ത്യയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്ള അനുമതികള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കാന്‍ ഗൗതം അദാനിയും കൂട്ടാളികളും ശ്രമിച്ചുവെന്നും, ഇക്കാര്യം മറച്ചുവെച്ച് അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നുമായിരുന്നു കഴിഞ്ഞ നവംബറില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നത്.അതേസമയം, എല്‍പിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ 275 ദശലക്ഷം ഡോളര്‍ പിഴ അടയ്ക്കാമെന്ന് അദാനി എന്റര്‍പ്രൈസസ് സമ്മതിച്ചതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. കമ്പനി ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. ട്രഷറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക കംപ്ലയന്‍സ് ലീഡര്‍ഷിപ്പ് പദവിയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.

നിര്‍ണായകമായത് അഭിഭാഷകന്റെ ഇടപെടല്‍

അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നതായും എന്നാല്‍ നിലവിലെ കേസുകള്‍ കാരണം അതിന് കഴിയുന്നില്ലെന്നും അദാനിയുടെ അഭിഭാഷകന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. ഇതിനുശേഷമാണ് കേസുകളില്‍ അദാനിക്ക് അനുകൂലമായ തീരുമാനങ്ങള്‍ വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.