കുട്ടികള്‍ക്കായി 'പേടിഎം പോക്കറ്റ് മണി' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്ക് യുപിഐ വഴി പണമിടപാടുകള്‍ നടത്താനും, അവരുടെ ചെലവുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും മാതാപിതാക്കള്‍ക്ക് ഇതിലൂടെ സാധിക്കും.

മക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും യാത്രകള്‍ക്കുമുള്ള പണം ഡിജിറ്റലായി നല്‍കാന്‍ ഇനി മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ല. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്കും ഇനി ഡിജിറ്റല്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം. 'പേടിഎം പോക്കറ്റ് മണി' എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. കുട്ടികള്‍ക്ക് സ്വന്തമായി പണമിടപാടുകള്‍ നടത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം, അവരുടെ ചെലവുകള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനും തത്സമയം നിരീക്ഷിക്കാനും മാതാപിതാക്കള്‍ക്ക് ഇതിലൂടെ സാധിക്കും.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് പേടിഎം പോക്കറ്റ് മണി?

സ്‌കൂള്‍- കോളേജ് കാന്റീനുകള്‍, മെട്രോ യാത്രകള്‍, ടാക്‌സി ചാര്‍ജുകള്‍, മൊബൈല്‍ റീചാര്‍ജ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയ്ക്കായി കൗമാരക്കാര്‍ വലിയ തോതില്‍ യുപിഐ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ പലപ്പോഴും ഇവര്‍ക്ക് മാതാപിതാക്കളുടെ ഫോണ്‍ വാങ്ങേണ്ടി വരികയോ, ഒടിപി ചോദിക്കേണ്ടി വരികയോ, അല്ലെങ്കില്‍ വാട്‌സാപ്പ് വഴി ക്യുആര്‍ കോഡ് അയച്ചു കൊടുക്കേണ്ടി വരികയോ ചെയ്യാറുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് പേടിഎം പോക്കറ്റ് മണി എത്തുന്നത്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികളുടെ ഫോണിലെ പേടിഎം ആപ്പിലേക്ക് സുരക്ഷിതമായി പണം അനുവദിക്കാന്‍ ഇതിലൂടെ സാധിക്കും.

എങ്ങനെ പ്രവര്‍ത്തിക്കുന്നു? നിയന്ത്രണങ്ങള്‍ എന്തൊക്കെ?

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 'യുപിഐ സര്‍ക്കിള്‍' വഴിയാണ് മാതാപിതാക്കള്‍ക്ക് കുട്ടികളെ ഇതിലേക്ക് ചേർക്കാൻ സാധിക്കുക. ഇതിന്റെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നവയാണ്:

പ്രതിമാസ പരിധി: മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കായി മാസത്തില്‍ പരമാവധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം.

ഒറ്റത്തവണ ഇടപാട് പരിധി: ഒരു തവണ പരമാവധി 5,000 രൂപ വരെ മാത്രമേ കുട്ടികള്‍ക്ക് പേയ്മെന്റ് നടത്താനാകൂ.

അക്കൗണ്ട്: സേവിംഗ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകളില്‍ ഈ സേവനം ലഭ്യമാണ്.

നിയന്ത്രണങ്ങള്‍: ഈ സംവിധാനം വഴി അന്താരാഷ്ട്ര പേയ്മെന്റുകള്‍ നടത്താനോ, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനോ സാധിക്കില്ല.

സുരക്ഷയ്ക്ക് മുന്‍ഗണന

കുട്ടികളുടെ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പേടിഎം ഒരുക്കിയിരിക്കുന്നത്.

തുടക്കത്തിലെ നിയന്ത്രണം: ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്ത് ആദ്യ 30 മിനിറ്റില്‍ പരമാവധി 500 രൂപയും, ആദ്യ 24 മണിക്കൂറില്‍ പരമാവധി 5,000 രൂപയും മാത്രമേ ഇടപാട് നടത്താനാകൂ.

ഡിവൈസ് ലോക്ക്: കുട്ടികളുടെ ഫോണില്‍ ഡിവൈസ് ലോക്ക് നിര്‍ബന്ധമാണ്.

ഉടന്‍ റദ്ദാക്കാം: മാതാപിതാക്കള്‍ക്ക് തങ്ങളുടെ പേടിഎം യുപിഐ പിന്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ഈ സേവനത്തിന്റെ പരിധികള്‍ മാറ്റാനോ, കുട്ടിക്കുള്ള ആക്‌സസ് പൂര്‍ണ്ണമായി റദ്ദാക്കാനോ സാധിക്കും.

ചെലവുകളുടെ കണക്ക്: കുട്ടികള്‍ എവിടെയൊക്കെ പണം ചെലവഴിച്ചു എന്നതിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആപ്പിലൂടെ മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിയും.

പണം കൃത്യമായി കൈകാര്യം ചെയ്യാന്‍ 'സ്‌പെന്‍ഡ് സമ്മറി'

പേടിഎം പോക്കറ്റ് മണിയുടെ മറ്റൊരു ആകര്‍ഷണം അത് 'പേടിഎം സ്‌പെന്‍ഡ് സമ്മറി'യുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. കുട്ടികള്‍ നടത്തുന്ന ഓരോ ഇടപാടും ഏത് വിഭാഗത്തില്‍പ്പെട്ടതാണെന്ന് (ഭക്ഷണം, യാത്ര, ഷോപ്പിംഗ് തുടങ്ങിയവ) ആപ്പ് തനിയെ തരംതിരിച്ചു കാണിക്കും. ഇത് കുട്ടികളില്‍ ചെറുപ്രായം മുതലേ കൃത്യമായ പണച്ചെലവ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങളെ സഹായിക്കുമെന്ന് പേടിഎം വ്യക്തമാക്കുന്നു.