ഭൗമസൂചിക പദവിയുള്ള അസാമിലെ തേസ്പൂർ ലിച്ചി ആദ്യമായി ദുബായിലേക്ക് കയറ്റുമതി ചെയ്തു. അപെഡയുടെ നേതൃത്വത്തിൽ നടന്ന ഈ കയറ്റുമതി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും അന്താരാഷ്ട്ര വിപണിയിൽ പുതിയ സാധ്യതകൾ തുറക്കാനും ലക്ഷ്യമിടുന്നു.

അസാമിന്റെ അഭിമാനമായ 'തേസ്പൂർ ലിച്ചി' ഇനി ദുബായിലും മധുരിക്കും. ഭൗമസൂചിക പദവിയുള്ള (GI Tag) ഒരു ടൺ തേസ്പൂർ ലിച്ചി അസാമിൽ നിന്ന് ദുബായിലേക്ക് വിജയകരമായി കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. നല്ല മധുരവും കടും ചുവപ്പ് നിറവും സവിശേഷമായ സുഗന്ധത്തിനും പേരുകേട്ട ഈ പ്രീമിയം പഴവർഗ്ഗത്തിന് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുന്ന വലിയൊരു ചുവടുവെപ്പാണിത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപെഡ (APEDA) എന്നറിയപ്പെടുന്ന ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അസമിൽ നിന്ന് ദുബായിലേക്ക് ആദ്യത്തെ ലിച്ചി ലോഡുമായി വിമാനം പറന്നിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അസാമിലെ തേസ്പൂർ മേഖലയിൽ ബൊംബെ (Bombaya), ബിലാത്തി (Bilati), ഏലിച്ചി (Elaichi), പിയാജി (Piyaji), ഷാഹി (Sahi) എന്നിങ്ങനെ വൈവിധ്യമാർന്ന ഇനം ലിച്ചികൾ കൃഷി ചെയ്യുന്നുണ്ട്. ഭൗമസൂചിക പദവി (ജി.ഐ ടാഗ്) ലഭിച്ചതോടെ തേസ്പൂർ ലിച്ചിയുടെ ആഗോള വിപണിയിലെ മൂല്യവും വർദ്ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര വിപണിയെ ആകർഷിക്കുമെന്നും അസാമിലെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും പുതിയ കയറ്റുമതി സാധ്യതകൾ തുറക്കാനും സഹായിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.