ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍ ഐനോക്‌സ് നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് തിരിച്ചെത്തി. ജൂണില്‍ അവസാനിച്ച പാദത്തില്‍ 56.5 കോടി രൂപയുടെ അറ്റലാഭം നേടിയ കമ്പനിയുടെ ഈ മുന്നേറ്റത്തിന് പിന്നില്‍ ടിക്കറ്റ്, ഭക്ഷണ-പാനീയ വില്‍പനയിലെ വളര്‍ച്ചയും പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവുമാണ്.

ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്‌സ് വീണ്ടും ലാഭത്തിലേക്ക്. സിനിമ കാണാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനവും ടിക്കറ്റ്, ഭക്ഷണ- പാനീയ വില്‍പനയിലെ വളര്‍ച്ചയുമാണ് കമ്പനിയെ വലിയൊരു തിരിച്ചു വരവിന് സഹായിച്ചത്. ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കമ്പനി മിന്നുന്ന നേട്ടം കൈവരിച്ചത്.

നഷ്ടത്തില്‍ നിന്ന് 56.5 കോടിയുടെ ലാഭത്തിലേക്ക്

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് (ഏപ്രില്‍ - ജൂണ്‍ പാദത്തില്‍) 54 കോടി രൂപയുടെ കനത്ത നഷ്ടത്തിലായിരുന്ന കമ്പനി. ഇത്തവണ 56.5 കോടി രൂപയുടെ അറ്റലാഭമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെ വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 1,469 കോടി രൂപയില്‍ നിന്ന് ഇത്തവണ വരുമാനം 1,622.2 കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 10.4% മുതല്‍ 11.9% വരെയെത്തുന്ന മികച്ച വളര്‍ച്ചയാണിത്.

ടിക്കറ്റ് നിരക്കും ഭക്ഷണ വില്‍പനയും 

വന്‍കിട ഹിറ്റ് ചിത്രങ്ങള്‍ കുറവായിരുന്നിട്ടും തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ തുടര്‍ച്ചയായി എത്തിയത് കമ്പനിക്ക് തുണയായി. മൂന്ന് മാസത്തിനിടെ 3.66 കോടി ആളുകളാണ് പിവിആര്‍ ഐനോക്‌സ് തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയത്. കമ്പനിയുടെ ടിക്കറ്റ് വരുമാനം 15.9% വര്‍ധിച്ച് 837 കോടി രൂപയായി. ശരാശരി ടിക്കറ്റ് നിരക്ക് 8% ഉയര്‍ന്ന് 273 രൂപയിലെത്തി.

സിനിമ കാണുന്നതിനൊപ്പം പോപ്‌കോണും മറ്റ് ഭക്ഷണപാനീയങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഭക്ഷണ വില്‍പനയിലൂടെയുള്ള വരുമാനം 16.7% വര്‍ധിച്ച് 558 കോടി രൂപയായി. ഒരാള്‍ ഭക്ഷണത്തിനായി ചെലവഴിക്കുന്ന ശരാശരി തുക 9% വര്‍ധിച്ച് 161 രൂപയായി. തിരഞ്ഞെടുത്ത പുതിയ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയതും തീയേറ്ററുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ 8% വര്‍ധനവുമാണ് എഫ് & ബി വിഭാഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ പിവിആര്‍ ഐനോക്‌സിനെ സഹായിച്ചത്.

ഇന്ത്യയിലെ ആകെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഈ പാദത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. എല്ലാ പ്രാദേശിക ഭാഷകളിലെയും ചിത്രങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിച്ചു. മോഹന്‍ലാല്‍ ചിത്രമായ 'ദൃശ്യം 3' തരംഗമായപ്പോള്‍, മറാത്തിയില്‍ 'രാജ ശിവാജി', തമിഴില്‍ 'കറുപ്പ്' എന്നീ പ്രാദേശിക ചിത്രങ്ങളും വന്‍ കുതിപ്പുണ്ടാക്കി.'ഭൂത് ബംഗ്ല', 'കോക്ടെയില്‍ 2', തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടി. വലിയ ഫ്രാഞ്ചൈസി ചിത്രങ്ങളല്ലാതെ വന്ന 'പ്രൊജക്റ്റ് ഹെയ്ല്‍ മേരി' , 'മൈക്കിള്‍' , 'ഒബ്‌സെഷന്‍' തുടങ്ങിയ ചിത്രങ്ങളും പിവിആറിന് വരുമാനം നല്‍കി

ഓഹരി വിപണിയിലും ആവേശം

കമ്പനി ലാഭത്തിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ പിവിആര്‍ ഐനോക്‌സിന്റെ ഓഹരി മൂല്യത്തിലും ഉണര്‍വുണ്ടായി. ഇന്ന് വ്യാപാരത്തിനിടെ കമ്പനിയുടെ ഓഹരി വില 2.72% വരെ ഉയര്‍ന്നു.