ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമി, ഓപ്പോ പോലുള്ള ചൈനീസ് ബ്രാൻഡുകൾക്ക് തിരിച്ചടി. ഉപഭോക്താക്കൾ വില കുറഞ്ഞ ഫോണുകൾ ഉപേക്ഷിച്ച് ആപ്പിൾ, സാംസങ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളിലേക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണം.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ ആധിപത്യം കുറയുന്നു. കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിറ്റഴിച്ച് വിപണി വാണിരുന്ന ഷവോമി, ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വില കുറഞ്ഞ ഫോണുകളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള പ്രീമിയം ഫോണുകളിലേക്ക് ചുവടുമാറ്റുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിരയിലുള്ള ഒന്‍പത് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികളുടെ ആകെ വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കമ്പനികള്‍ 42 ശതമാനം വരുമാന വളര്‍ച്ച നേടിയ സ്ഥാനത്താണിത്.
ഉപഭോക്താക്കളുടെ മനംമാറ്റം; ബജറ്റ് ഫോണുകള്‍ക്ക് പ്രിയം കുറയുന്നു
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ നോക്കാം. ബജറ്റ് ഫോണുകള്‍ പുറകോട്ടു പോകുന്നുവെന്നതാണ് ഇതിൽ ആദ്യത്തേത്. 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിപണി വിഹിതം 38 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറഞ്ഞു. പ്രീമിയം ഫോണുകള്‍ക്ക് ഡിമാന്‍ഡുമേറുന്നുണ്ട്. 45,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ വിഭാഗത്തിന്റെ വിപണി വിഹിതം 36 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നു. ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം (മൂല്യത്തിന്റെ അടിസ്ഥാനത്തില്‍) 54 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ഇപ്പോഴും ചൈനീസ് കമ്പനികള്‍ തന്നെയാണ് മുന്നില്‍ (73-75%).
നേട്ടം കൊയ്ത് ആപ്പിളും സാംസങ്ങും
ഉപഭോക്താക്കള്‍ വില കൂടിയ മോഡലുകളിലേക്ക് മാറിയത് ആപ്പിളിനും സാംസങ്ങിനുമാണ് വലിയ ഗുണമായത്. ആപ്പിള്‍ വരുമാനത്തില്‍ 18 ശതമാനം വര്‍ധനവ് നേടി (79,378 കോടി രൂപ). സാംസങ് വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ചയോടെ 1.11 ലക്ഷം കോടി രൂപയിലെത്തി. ചൈനീസ് കമ്പനികള്‍ക്കിടയില്‍ വിവോ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പ്രീമിയം ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് വിവോയുടെ വരുമാനം 11 ശതമാനം വര്‍ധിക്കാന്‍ സഹായിച്ചു. എന്നാല്‍ ഓപ്പോയുടെ വില്‍പനയില്‍ 38 ശതമാനത്തിന്റെ വന്‍ ഇടിവാണുണ്ടായത്.
തിരിച്ചടിക്ക് പിന്നിലെ കാരണങ്ങള്‍
സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ മെമ്മറി ചിപ്പുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് മറ്റൊരു തിരിച്ചടി. ഇതോടെ ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. അടിസ്ഥാന വിഭാഗത്തിലെയും ഇടത്തരം വിഭാഗത്തിലെയും ഫോണുകളുടെ മാന്ദ്യം ഇനിയും തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.


