കൊക്കക്കോള-പെപ്സി ആധിപത്യമുള്ള ഇന്ത്യയിലെ ശീതളപാനീയ വിപണിയിലേക്ക് ഐടിസി പുതിയ 'കോക്കനട്ട് കോള'യുമായി എത്തുന്നു. നേരിട്ടുള്ള മത്സരത്തിന് പകരം, തേങ്ങാവെള്ളവും കോള ഫ്‌ലേവറും ചേർത്ത ആരോഗ്യകരമായ പാനീയം എന്ന നിലയിൽ പുതിയൊരു കാറ്റഗറി സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതൊരു പ്രീമിയം ഉൽപ്പന്നമായാണ് വിപണനം ചെയ്യുന്നത്.
ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ കാലങ്ങളായി തുടരുന്ന കൊക്കക്കോള- പെപ്സി പോരിന് പുതിയ മുഖം നല്‍കാന്‍ ഐടിസി എത്തുന്നു. കമ്പനി പുറത്തിറക്കിയ പുതിയ 'കോക്കനട്ട് കോള'യാണ് വിപണിയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിലവില്‍ ഇന്ത്യയിലെ ശീതളപാനീയ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് രണ്ട് അമേരിക്കന്‍ കമ്പനികളാണ്.
നേരിട്ട് മത്സരത്തിനില്ല, ലക്ഷ്യം പുതിയ കാറ്റഗറി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള 'കാംപ കോള' വിപണിയില്‍ വളരെ പിന്നിലായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഈ മേഖലയില്‍ വലിയൊരു മുന്നേറ്റം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഐടിസിയുടെ കടന്നുവരവ്. എന്നാല്‍ വിപണിയില്‍ വലിയൊരു അട്ടിമറിയല്ല ഐടിസി ലക്ഷ്യമിടുന്നത്. സാധാരണ കോളകളില്‍ കാണുന്ന പതയോ അല്ലെങ്കില്‍ വാതകമോ ഐടിസിയുടെ 'ബി നാച്ചുറല്‍ കോക്കനട്ട് കോള'യില്‍ ഇല്ല. പരമ്പരാഗത കോള ബ്രാന്‍ഡുകളോട് നേരിട്ട് മത്സരിക്കുന്നതിന് പകരം, തേങ്ങാവെള്ളവും കോള ഫ്‌ലേവറും ചേര്‍ത്ത് തികച്ചും പുതിയൊരു കാറ്റഗറി സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമം. യാതൊരുവിധത്തിലുള്ള മധുരവും ചേര്‍ക്കാത്ത, കുറഞ്ഞ കാലറി മാത്രമുള്ള ആരോഗ്യകരമായ പാനീയം എന്ന നിലയിലാണ് ഇതിനെ അവതരിപ്പിക്കുന്നത്.
പ്രീമിയം ഉല്‍പ്പന്നം; വില 60 രൂപ
300 എംഎല്‍ കൊക്കക്കോളയ്ക്ക് 38 രൂപയുള്ളപ്പോള്‍, 250 എംഎല്‍ വരുന്ന ഐടിസിയുടെ പുതിയ കോക്കനട്ട് കോളയ്ക്ക് 60 രൂപയാണ് വില. ഇതൊരു പ്രീമിയം ഉല്‍പ്പന്നമായാണ് വിപണനം ചെയ്യുന്നതെന്നും, തിരഞ്ഞെടുത്ത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ മാത്രമേ നിലവില്‍ ഈ ഉല്‍പ്പന്നം ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓട്‌സ് അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാംഗോ സ്മൂത്തി, ചിയ സീഡുകള്‍ അടങ്ങിയ ബെറി സ്മൂത്തി തുടങ്ങിയ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള കമ്പനിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ കോളയുടെ വരവ്.
മുന്നേറി കാംപ കോള
അതേസമയം, വിപണിയില്‍ തിരിച്ചെത്തി രണ്ട് വര്‍ഷത്തില്‍ താഴെ സമയത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍നിരയിലുള്ള നാല് കാര്‍ബണേറ്റഡ് പാനീയ ബ്രാന്‍ഡുകളിലൊന്നായി കാംപ കോള മാറിയെന്ന് അവകാശപ്പെട്ട് റിലയന്‍സ് രംഗത്തെത്തിയിരുന്നുയ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,700 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കാംപ കോള നേടിയത്. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് ബ്രാന്‍ഡായി കാംപ കോള മാറി.


