ചൊവ്വാഴ്ച വ്യാപാ​രത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 478 പോയിൻറ് അഥവാ 1.26 ശതമാനം ഉയർന്ന് 38,528 ലെവലിൽ എത്തി. എൻഎസ്ഇയുടെ നിഫ്റ്റി 138 പോയിൻറ് അഥവാ 1.23 ശതമാനം ഉയർന്ന് 11,385 ലെവലിലെത്തി. 

എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിന്റെ നേട്ടങ്ങൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. അൾട്രടെക് സിമൻറ് (3 ശതമാനത്തിലധികം) സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഓഹരിയായി.

ഒരു ശതമാനത്തിൽ അധികമാണ് ടെക് മഹീന്ദ്ര ഓഹരികൾ ഇടിഞ്ഞത്. വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്കാപ്പ് സൂചിക ഒരു ശതമാനം ഉയർന്ന് 14,656.68 ലെത്തി. എസ് ആന്റ് പി ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 1.3 ശതമാനം ഉയർന്ന് 14,154 പോയിന്റിലെത്തി.
 
ആഗോള വിപണികൾ സമ്മർദ്ദത്തിൽ
 
അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായതോടെ യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച ഇടിഞ്ഞു. അതേസമയം, യുഎസിന്റെ ധനപരമായ ഉത്തേജനത്തെ ബാധിക്കുന്ന തരത്തിലുളള ചില പ്രതിസന്ധികൾ ഉയർന്ന പശ്ചാത്തലത്തിൽ ഡോളറിന്റെ മൂല്യത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തു. രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഡോളറിന്റെ മൂല്യം എത്തിയത്.

യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞു, ഇതിനെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികളിലും സമ്മർദ്ദം പ്രകടമാണ്. എന്നാൽ, ടെക് സ്റ്റോക്കുകൾ നാസ്ഡാക്കിനെ തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിലേക്ക് എത്തിക്കുകയും ചെയ്തു.

കമ്മോഡിറ്റികളിൽ, ഒപെക് + ഉൽപ്പാദക കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നുള്ള ഉൽപാദന വെട്ടിക്കുറവുകൾ മൂലം എണ്ണ വിലയിൽ സ്ഥിരത പ്രകടമായിരുന്നു.