മുംബൈ: രണ്ട് ശതമാനത്തിന്‍റെ വന്‍ ഇടിവ് നേരിട്ട് ബിഎസ്ഇ സെന്‍സെക്സ് 37,929.89 ലേക്ക് കൂപ്പുകുത്തി. 726.13 പോയിന്‍റിന്‍റേതാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ഇടിവ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി. 200 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി ദേശീയ ഓഹരി സൂചിക 11,260 ലെത്തി വ്യാപാരം അവസാനിച്ചു.

യെസ് ബാങ്ക്, ഇന്ത്യാ ബുള്‍സ് ഓഹരികളില്‍ വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷ്മി വിലാസ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് തുടക്കം കുറിച്ച പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പിസിഎ) നടപടികളും ഇന്ത്യന്‍ ബാങ്കുകളെക്കുറിച്ച് മൂഡിസ് നടത്തിയ പരാമര്‍ശവും വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. മൂലധന അനുപാതം കുറവായതിനാൽ ഇന്ത്യൻ ബാങ്കുകൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരാണെന്നാണ് കഴിഞ്ഞ ദിവസം 13 ഏഷ്യാ -പസഫിക്ക് സമ്പദ്ഘടനകളിലെ ബാങ്കുകളെപ്പറ്റി മൂഡീസ് പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

രാജ്യത്തെ പ്രധാന സഹകരണ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലുണ്ടായ പ്രതിസന്ധിയും വാഹന വിപണിയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പും വിപണി ഇടിവിന് കാരണമായി. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പനയില്‍ 24.4 ശതമാനത്തിന്‍റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഉല്‍പാദന മേഖലയില്‍ തുടരുന്ന പ്രതിസന്ധികളും ഓഹരി വിപണിയിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.