പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. അമേരിക്കയിൽ റെക്കോർഡ് ഉത്പാദനം നടന്നിട്ടും, എണ്ണക്കപ്പലുകൾക്കുള്ള അധികച്ചെലവ് കാരണം വില വർധിക്കുകയാണ്. ഇറാന്റെയും അമേരിക്കയുടെയും അടുത്ത നീക്കങ്ങൾ ലോകമെമ്പാടുമുള്ള ഇന്ധനവിലയെ നിർണ്ണയിക്കും.

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയും രാഷ്ട്രീയ തര്‍ക്കങ്ങളും ലോകമെങ്ങുമുള്ള എണ്ണ വിപണിയെ ചൂട് പിടിപ്പിക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലേക്ക് ഉയർത്തി. എന്നാൽ വിപണിയിലെ ആശങ്കകള്‍ മൂലം വില കുറയാത്ത സ്ഥിതിയാണ്. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ എണ്ണയായ ഡബ്ല്യു.ടി.ഐ ലണ്ടന്‍ വിപണിയിലെ ബ്രെന്റ് ക്രൂഡിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്ന അസാധാരണ സാഹചര്യമാണ്. 2009-ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം.

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ന്നതാണ് എണ്ണവില കുതിച്ചുയരാന്‍ പ്രധാന കാരണം. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഏറ്റവും പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കങ്ങള്‍ വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഏകദേശം 20 ലക്ഷം ഡോളര്‍ (ഏകദേശം 16 കോടിയിലധികം രൂപ) ഇറാന്‍ ഈടാക്കി തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ അധികച്ചെലവ് സ്വാഭാവികമായും എണ്ണവിലയില്‍ പ്രതിഫലിക്കും. മറ്റ് രാജ്യങ്ങളും സമാനമായ രീതിയില്‍ നീങ്ങിയാല്‍ ആഗോളതലത്തില്‍ ഇന്ധനവില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മാര്‍ച്ച് മാസത്തില്‍ മാത്രം അമേരിക്കന്‍ എണ്ണവിലയില്‍ 51 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവാണുണ്ടായത്. ഇത് അമേരിക്കയിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. അവിടെ പെട്രോള്‍ വില 37 ശതമാനവും ഡീസല്‍ വില 50 ശതമാനവും വര്‍ദ്ധിച്ചത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സമാനമായ സാഹചര്യം തുടര്‍ന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നത് വില വര്‍ദ്ധനവിന് കാരണമാകുമെന്ന് മാര്‍ക്കറ്റ് വിദഗ്ദ്ധന്‍ ദിനേശ് സോമാനി നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍, അമേരിക്കയില്‍ ആവശ്യത്തിന് എണ്ണയുണ്ടെങ്കിലും ലോകത്തിന്റെ മറ്റൊരു ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇറാന്റെ അടുത്ത നീക്കങ്ങളും അമേരിക്കയുടെ പ്രതികരണവുമാകും വരും ദിവസങ്ങളില്‍ എണ്ണവില നിശ്ചയിക്കുക.