ദില്ലി: പാരസെറ്റോമോൾ ഗുളികയ്ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് അടിയന്തിര പ്രാധാന്യത്തോടെ പിൻവലിച്ചു. മാർച്ച് മൂന്നിനാണ് ഗുളികയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

ആകെ 26 ഗുളികകൾക്കാണ് മാർച്ച് ആദ്യവാരം കയറ്റുമതി വിലക്ക് കൊണ്ടുവന്നതെങ്കിലും തൊട്ടടുത്ത മാസം തന്നെ ഇതിൽ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. ഏപ്രിൽ ആറിന് 24 ഗുളികകളുടെ വിലക്കാണ് പിൻവലിച്ചത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് വ്യവസായം ഇന്ത്യയിലേതാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ 14ാമത്തേതുമാണ് ഈ വ്യവസായ മേഖല. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 5.41 ബില്യൺ ഡോളറിന്റെ പാരസെറ്റോമോൾ കയറ്റുമതി ചെയ്തിരുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ കയറ്റുമതി മൂല്യം 5.8 ബില്യൺ ഡോളറിന്റേതായിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യ 19 ലക്ഷം ഗുളികകളാണ് 31 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റോമോൾ ഗുളികകൾ വാണിജ്യാടിസ്ഥാനത്തിൽ 87 രാജ്യങ്ങളിലേക്ക് അയച്ചതായും കേന്ദ്രം വ്യക്തമാക്കിയിരുന്നു.