ജിഎസ്‍ടി പരിഷ്കരണത്തെത്തുടര്‍ന്ന് ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും നികുതി കുത്തനെ കുറഞ്ഞിട്ടും ഇതിന്‍റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം….

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള കുറുക്ക് വഴിയായി മാറുന്നു. ജിഎസ്‍ടി പരിഷ്കരണത്തെത്തുടര്‍ന്ന് ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും നികുതി കുത്തനെ കുറഞ്ഞിട്ടും ഇതിന്‍റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നില്ല. പല വന്‍കിട കമ്പനികളും സൂപ്പര്‍ മാര്‍ക്കറ്റുകളും നികുതി കുറവിന്‍റെ നേട്ടം സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനായി മാറ്റുകയാണ്. സാധാരക്കാര്‍ക്ക് വലിയ നേട്ടം ചെയ്യുന്ന പരിഷ്കരണം എന്ന വിശേഷണത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം നടപ്പിലായി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എന്താണ് വിപണിയിലെ സ്ഥിതി? നികുതി കുറവിന്‍റെ നേട്ടം സാധാരണക്കാര്‍ക്ക് എത്രത്തോളം കിട്ടുന്നുണ്ട് എന്നെല്ലാം ഏഷ്യാനെറ്റ് ന്യൂസ് സംഘം പരിശോധിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം…

ജിഎസ്‍ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനവും 12 ശതമാനത്തിൽ 5 ശതമാനവും ആയി കുറഞ്ഞ ഉല്‍പ്പന്നങ്ങളെ കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് പരിശോധിച്ചത്. ജിഎസ്‍ടി രജിസ്ട്രേഷനില്ലാത്ത ചെറുകിട വ്യാപാര സ്ഥാപനങ്ങളിലല്ല മറിച്ച് പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എന്ത് സംഭവിക്കുന്നു എന്നായിരുന്നു അന്വേഷണം. പ്രാഥമിക പരിശോധനയിൽ തന്നെ മൂന്ന് വിധത്തിലുള്ള ക്രമക്കേടുകള്‍ വ്യക്തമായി. ഒന്ന് ജി എസ് ടി പ്രഖ്യാപനത്തിന് ശേഷം പുതിയ സ്റ്റോക്ക് വന്നപ്പോൾ കമ്പനികൾ എം ആർ പി പുനര്‍നിശ്ചയിച്ചതില്‍ വലിയ ക്രമക്കേടുണ്ട്. രണ്ട്, പഴയ സ്റ്റോക്ക് വില്‍പന നടത്തുന്പോള്‍ ജിഎസ്‍‍ടിയില്‍ വന്ന കുറവിന്‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ പഴയ എംആർപിയിൽ തന്നെയാണ് പല സൂപ്പർമാർക്കറ്റുകളിലും ബില്ല് ചെയ്യുന്നത്, മൂന്ന് ജിഎസ്ടി ജിഎസ്‍ടി ഇളവിന്‍റെ നേട്ടം ഭാഗികമായി മാത്രം കൈമാറിയും ഡിസ്കൗണ്ടിന്‍റെ പേര് പറഞ്ഞും ഉപഭോക്താക്കളെ വഞ്ചിക്കുന്നു.

സാധാരണക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാത്രം പരിശോധിച്ചാൽ എംആർപി പരിഷ്കരണത്തിലെ തട്ടിപ്പ് വ്യക്തമാകും. കോൾഗേറ്റ് 100ഗ്രാം പാക്കറ്റില്‍ ജിഎസ്ടി പരിഷ്കരണത്തിന് മുന്നേ തന്നെ മാർക്കറ്റിൽ എത്തിയ സ്റ്റോക്കിൽ പ്രോഡക്റ്റിന്റെ എംആർപി എഴുതിയിരിക്കുന്നത് 76 രൂപയാണ്. ജിഎസ്ടി പ്രഖ്യാപനത്തിന് ശേഷം വന്ന പുതിയ ബാച്ചിൽ ഇതേ ഉൽപ്പന്നത്തിന് കാണിച്ചിരിക്കുന്ന എംആർപി 70 രൂപയാണ്. 18% ഉണ്ടായിരുന്ന ടൂത്ത് പേസ്റ്റിന്‍റെ ജി എസ് ടി അഞ്ചിലേക്ക് കുറയുമ്പോൾ യഥാർത്ഥത്തിൽ എംആർപി ഐ നിശ്ചയിക്കേണ്ടിയിരുന്നത് 68 രൂപയാണ്. ഇതിലാണ് രണ്ട് രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്.

ജി എസ് ടി നിരക്ക് കുത്തനെ കുറഞ്ഞിട്ടും ഇതൊന്നും പരിഗണിക്കാതെ പഴയ എം ആർ പി യിൽ തന്നെ ബില്ല് ചെയ്ത് ഉപഭോക്താക്കളെ പിഴിയുന്നതാണ് മറ്റൊരു തട്ടിപ്പ് രീതി. അമൂൽ കമ്പനിയുടെ 100 ഗ്രാം ബട്ടർ ഉൽപനത്തിന്റെ ജൂൺ മാസത്തെ ബാച്ചിൽ എംആർപി ആയി കാണിച്ചിരിക്കുന്നത് 65 രൂപയാണ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരത്തെ പ്രമുഖ സൂപ്പർമാർക്കറ്റിൽ ഈ ഉത്പന്നത്തിന് ബിൽ ചെയ്യുന്നത് 65 രൂപയിൽ തന്നെയാണ്. അതായത് 12% ആയിരുന്ന വെണ്ണയുടെ നികുതി അഞ്ചിലേക്ക് താഴ്ന്നിട്ടും ഇതിന്‍റെ ഒരാനുകൂല്യവും ഉപഭോക്താവിന് കിട്ടുന്നില്ല. 61 രൂപയാണ് ജിഎസ്ടി ഇളവിന്റെ നേട്ടമായി ഈ ഉൽപന്നത്തിൽ ലഭിക്കേണ്ടത്.

ഇനി മൂന്നാമത്തെ കാര്യം, ജിഎസ്ടി ഇളവ് നൽകുന്നില്ല എന്ന് പറയാൻ ആകില്ല പക്ഷേ കണ്ണിൽ പൊടിയിടാൻ എന്നോണം ഉൽപ്പന്നത്തിന്‍റെ വിലയിൽ പേരിനൊരു കുറവോ ഡിസ്കൗണ്ട് നൽകി കൈ കഴുകുകയാണ് മറ്റൊരു കൂട്ടർ. കോഴിക്കോട്ടെ ഒരു സൂപ്പർമാർക്കറ്റിൽ ഒരു കുപ്പി മിനറൽ വാട്ടറിന് നിലവിൽ ഈടാക്കുന്നത് 19 രൂപ. ഇതേ ഉൽപ്പന്നം തന്നെ മറ്റൊരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയപ്പോൾ ജി എസ് ടി ഇളവോടുകൂടി നൽകിയത് 17 രൂപ 40 പൈസയ്ക്ക് - 18% ത്തിൽ നിന്ന് ജിഎസ്ടി 5% ത്തിലേക്ക് കുറഞ്ഞ മറ്റൊരു ഉൽപ്പന്നമായ ഷാംപുവിന്‍റെ കാര്യവും ഏഷ്യാനെറ്റ് ന്യൂസ് സംഘം പരിശോധിച്ചു. 95 രൂപ എം ആർ പിയുള്ള ഷാംപൂ അരയിടത്ത് പാലത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം വാങ്ങിയപ്പോൾ ജി എസ് ടി കുറവിന്‍റെ നേട്ടം കൃത്യമായി കിട്ടി - 85 രൂപയ്ക്ക് ഉത്പന്നം കിട്ടി. എന്നാൽ ഇതേ ഉല്‍പ്പന്നം വണ്ടിപേട്ടയിലെ മറ്റൊരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയപ്പോൾ അഞ്ച് രൂപ ഡിസ്കൗണ്ടില്‍ 90 രൂപയ്ക്കാണ് ബിൽ ചെയ്തത്.

YouTube video player