രാജ്യത്തെ ഹൗസിങ് വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ വൻ കുതിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള  സാമ്പത്തിക പാദത്തിൽ രാജ്യത്തെ ഏഴ് നഗരങ്ങളിൽ 110811 യൂണിറ്റുകൾ വിറ്റുപോയെന്നാണ് കണക്ക്. പ്രോപ് ഇക്വിറ്റിയുടേതാണ് ഈ വിശകലന റിപ്പോർട്ട്.

ഇതേ കാലയളവിൽ കഴിഞ്ഞ വർഷം ആകെ 88976 യൂണിറ്റുകളാണ് വിൽക്കാനായത്. അതേസമയം സാമ്പത്തികരംഗം കൊവിഡിൽ നിന്ന് കരകയറുന്നതാണ് അടുത്തടുത്ത രണ്ട് പാദങ്ങളിലെ വീട് വിൽപ്പനയുടെ കണക്കുകൾ നോക്കുമ്പോൾ മനസിലാവുന്നത്. 2020 വർഷത്തിന്റെ നാലാം പാദത്തിൽ 110811 വീടുകളാണ് വിറ്റതെങ്കിൽ മൂന്നാം പാദ വാർഷിക കാലത്ത് വിറ്റത് 62197 യൂണിറ്റാണ്. 78 ശതമാനമായിരുന്നു വളർച്ച.

അവസാന പാദവാർഷികത്തിൽ വർധനവുണ്ടായെങ്കിലും താമസ സ്ഥലങ്ങളുടെ വിൽപ്പനയിൽ 2020 കാലം അത്ര നല്ലതായിരുന്നില്ല. മുൻവർഷം 341466 യൂണിറ്റുകളാണ് വിറ്റതെങ്കിൽ 286951 യൂണിറ്റുകളാണ് 2020 ൽ വിൽക്കാനായത്. 16 ശതമാനം ഇടിവാണ് ഉണ്ടായത്.

ബെംഗളൂരുവിൽ 2019 ൽ 46969 യൂണിറ്റ് വിറ്റ സ്ഥലത്ത് 33363 യൂണിറ്റാണ് ഇക്കുറി വിൽക്കാനായത്. 29 ശതമാനം ഇടിവ്. ചെന്നൈയിൽ 30 ശതമാനം ഇടിഞ്ഞു. 16940 യൂണിറ്റ് വിറ്റ സ്ഥലത്ത് 11907 യൂണിറ്റാണ് വിൽക്കാനായത്. ഹൈദരാബാദിൽ ഇടിവ് 14 ശതമാനമാണ്. 31038 ൽ നിന്ന് 26716 ആയാണ് ഇടിവുണ്ടായത്.

കൊൽക്കത്തയിൽ 19272 യൂണിറ്റ് വിറ്റ സ്ഥലത്ത് 12026 യൂണിറ്റേ വിൽക്കാനായുള്ളൂ. 38 ശതമാനമാണ് ഇടിവ്. ദില്ലി -എൻസിആർ വിപണിയിലാകട്ടെ 44894 യൂണിറ്റിൽ നിന്ന് 29640 യൂണിറ്റായി വിൽപ്പന ഇടിഞ്ഞു. പുണെയിൽ  74791 യൂണിറ്റിൽ നിന്ന് 62043 യൂണിറ്റായും ഇടിവുണ്ടായി. ആകെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ മാത്രമാണ് വിൽപ്പന ഉയർന്നത്. 107562 ൽ നിന്ന് 111256 ആയാണ് വിൽപ്പന കുതിച്ചത്.