മുംബൈ: എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.52 എന്ന താഴ്ന്ന നിലയിലാണ്. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.60 എന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.60 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ. 2018 ഡിസംബറിന് ശേഷമുളള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇന്ന് ഇന്ത്യന്‍ നാണയം നേരിട്ടത്. രാജ്യത്ത് ഉടലെടുത്ത കാശ്മീര്‍ പ്രതിസന്ധിയും ആഗോള വിപണിയിലെ സമ്മര്‍ദ്ദങ്ങളും അമേരിക്ക - ചൈന വ്യാപാര യുദ്ധവുമാണ് ഇന്ത്യന്‍ രൂപയ്ക്ക് വെല്ലുവിളിയായത്. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ചൈനീസ് കറന്‍സിയായ യുവാന്‍ നേരിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുവാന്‍റെ മൂല്യം ആദ്യമായി ഡോളറിനെതിരെ ഏഴിന് താഴേക്ക് ഇടിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് വ്യാപാരത്തില്‍ ഇടിവ് ദൃശ്യമാണ്. രാവിലെ ഡോളറിനെതിരെ 70.06 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ആഗസ്റ്റ് മാസത്തിലെ ആദ്യ രണ്ട് വ്യാപാര സെഷനുകളിലായി വലിയ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതും ഇന്ത്യന്‍ ഓഹരി വിപണിക്ക് തലവേദനയായി. 

വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകര്‍ ആഗസ്റ്റ് ഒന്ന് ,രണ്ട് ദിവസങ്ങളിലായി ആകെ 2,881.10 കോടി രൂപയാണ് പിന്‍വലിച്ചത്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്നും 2,632.58 കോടി രൂപയും ഡെബ്റ്റ് വിപണിയില്‍ നിന്ന് 248.52 കോടി രൂപയുമാണ് പിന്‍വലിച്ചത്.