മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് റെക്കോഡ് താഴ്ച്ചയിലേക്ക് വീണു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.98 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോൾ ഇത് 74.24 ആയിരുന്നു. ലോക റിസർവ് കറൻസിയുടെ ശേഖരം നേടിയെടുക്കാൻ നിക്ഷേപകർ ഏഷ്യയിലെ കറൻസികളും ബോണ്ടുകളും സ്റ്റോക്കുകളും വിറ്റതിനാൽ ഡോളർ ഇന്ന് മറ്റ് ഏഷ്യൻ കറൻസികൾക്കെതിരെയും ഉയർന്നു. 

ഇന്ത്യൻ‌ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് പ്രതിസന്ധി വർധിക്കും. 

ആറ് കറൻസികളുടെ ബാസ്ക്കറ്റിനെതിരെ യുഎസ് ഡോളർ സൂചിക 0.24 ശതമാനം ഉയർന്ന് 101.40 ലെത്തിയതിനെ തുടർന്ന് വിനിമയ വിപണിയിൽ ഏഷ്യൻ കറൻസികൾ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങി. 

റിസർവ് ബാങ്കിന്റെ അടുത്ത പണനയ തീരുമാനം ഏപ്രിൽ മൂന്നിനാണ്, എന്നാൽ ചട്ടങ്ങൾ ഗവർണർ ശക്തികാന്ത ദാസിനെ ധനനയ സമിതിയുടെ അനിശ്ചിതകാല യോഗം വിളിക്കാൻ അനുവദിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ​ഗവർണർ നീങ്ങിയേക്കുമെന്ന സൂചനകളുണ്ട്. 

കഴിഞ്ഞ മൂന്ന് സെഷനുകളിൽ വൻ വിൽപ്പനയ്ക്ക് ശേഷം ആഗോള എണ്ണവില വീണ്ടും ഇടിഞ്ഞു. ഇത് 18 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 27 ഡോളറിലെത്തി. "ക്രൂഡ് വിലയിലുണ്ടായ ഇടിവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും രൂപയ്ക്കും ഗുണകരമാണെന്ന് തോന്നുന്നുവെങ്കിലും, കഴിഞ്ഞ കാലങ്ങളിൽ, ക്രൂഡ് ഇടിയുകയും രൂപയും കുറയുകയും ചെയ്യുന്ന അവസ്ഥ വിപണിയിൽ ഉണ്ടായിട്ടുണ്ട്. ആശങ്ക വലുതാണ്” ഐഎഫ്എ ​ഗ്ലോബൽ സ്ഥാപകൻ അഭിഷേക് ഗോയങ്ക ലൈവ് മിന്റിനോട് പറഞ്ഞു.