മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ തകര്‍ന്നടിഞ്ഞു. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ ഇന്ത്യന്‍ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗില്‍ നിന്ന് ഇന്ത്യന്‍ രൂപയ്ക്ക് 0.41 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ ഡോളറിനെതിരെ 74.50 എന്ന നിലയിലാണ് രൂപ. 2018 ഒക്ടോബര്‍ 11 ന് രേഖപ്പെടുത്തിയ 74.48 ആയിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. 

കൊറോണ വൈറസ് ലോകത്ത് വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിലുളള ആശങ്കയാണ് പ്രധാനമായും വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കോവിഡ് -19 കാരണം ഇന്ത്യയില്‍ ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത് ഓഹരി വിപണികളിലെ വ്യാപാര സമ്മര്‍ദ്ദം നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് വളരാനിടയാക്കിയതും രൂപയെ തളര്‍ത്തുന്ന ഘടകമാണ്.