മുംബൈ: മൂന്നാമത്തെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലും നഷ്ടത്തില്‍ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. സാമ്പത്തിക പാക്കേജിന്റെ പ്രതിഫലനം വിപണിയിലുണ്ടായില്ല. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര ഇന്ധനവില ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയിലെ സമ്മര്‍ദ്ദത്തിന് കാരണമായി.   

സെൻസെക്സ് 211 ഉം നിഫ്റ്റി 60 ഉം പോയിന്റുകൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മുംബൈ ഓഹരി സൂചികയില്‍ 502 കമ്പനി ഓഹരികൾ നഷ്ടത്തിലും 63 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. എഫ്എംസിജി, ഐടി വിഭാഗത്തിലെ ഓഹരികൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടമാണ് പ്രതിഫലിക്കുന്നത്. 

വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറില്‍ രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.92 എന്ന നിലയിലായിരുന്നു.