മുംബൈ: കേന്ദ്ര സര്‍ക്കാര്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 285 പോയിന്‍റ് ഉയര്‍ന്ന് 37,611 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90 പോയിന്‍റ് ഉയര്‍ന്ന് 11,122 ലേക്ക് ഉയര്‍ന്നു.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ബജറ്റിന് ശേഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍ തോതില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചിരുന്നു. ബജറ്റിനെ തുടര്‍ന്നുളള ദിവസങ്ങളില്‍ വിപണി ഏട്ട് ശതമാനം വരെ ഇടിയാന്‍ ഈ തീരുമാനം കാരണമായി. 

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുന്നതോടെ വിപണിയില്‍ വീണ്ടും ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷ. വേദാന്ത, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, മാരുതി സുസുക്കി ഇന്ത്യ, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.