Asianet News MalayalamAsianet News Malayalam

യുദ്ധം; തകര്‍ന്ന് വീണ് ഇസ്രായേല്‍ വിപണി, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു

''ഇപ്പോഴത്തെ ആക്രമണം മുമ്പുള്ളതിനെക്കാള്‍ ശക്തവും നീണ്ടതുമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെയും ധന ബജറ്റിനെയും കൂടുതൽ പ്രതികൂലമായി ബാധിക്കും." ലീഡർ ക്യാപിറ്റൽ മാർക്കറ്റ്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് ജോനാഥൻ കാറ്റ്സ് പറഞ്ഞു.

Israels markets and businesses were closed down after Israel Palestine conflict bkg
Author
First Published Oct 9, 2023, 6:00 PM IST

സ്രായേലിന്‍റെ വിദൂരമായ സ്വപ്നത്തില്‍ പോലുമില്ലാത്ത തരത്തില്‍ രാജ്യത്തിന് അകത്ത് കയറി ഹമാസ് അക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ ഇസ്രായേല്‍ വിപണി വലിയ തകര്‍ച്ച നേരിട്ടു. ഹമാസ് സായുധ സംഘം നൂറുകണക്കിന് ഇസ്രായേലികളെ കൊല്ലുകയും മറ്റുള്ളവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ വിപണി ഇതുവരെയില്ലാത്ത തകര്‍ച്ച നേരിട്ടത്. ഇസ്രായേലി സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു. കീ ടെൽ അവീവ് ഓഹരി സൂചികകൾ (.TA125), (.TA35) ഏകദേശം 7 ശതമാനം താഴ്ന്നപ്പോള്‍ 2.2 ബില്യൺ ഷെക്കലുകളുടെ ($573 ദശലക്ഷം) വിറ്റുവരവിൽ ബാങ്കിംഗ് ഓഹരികളിൽ (.TELBANK5) 9 ശതമാനം ഇടിവ് രേഖപ്പെടുത്തി.  പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ അതിരൂക്ഷമായ ആക്രമണത്തില്‍ സർക്കാർ ബോണ്ടുകളുടെ വില വിപണിയുടെ പ്രാരംഭ പ്രതികരണത്തിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തു. 

75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി

രാജ്യത്തെ ജുഡീഷ്യറിയെ പുതുക്കി പണിയാനുള്ള പ്രധാനമന്ത്രി നെതന്യാഹു സര്‍ക്കാറിന്‍റെ നീക്കങ്ങളെ തുടര്‍ന്ന് ഷെക്കൽ ഇതിനകം തന്നെ ഈ വർഷത്തെ ഏറ്റവും ദുർബലമായ നിലയിലാണ്. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. 'ഇപ്പോഴത്തെ ആക്രമണം മുമ്പുള്ളതിനെക്കാള്‍ ശക്തവും നീണ്ടതുമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെയും ധന ബജറ്റിനെയും കൂടുതൽ പ്രതികൂലമായി ബാധിക്കും." ലീഡർ ക്യാപിറ്റൽ മാർക്കറ്റ്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് ജോനാഥൻ കാറ്റ്സ് പറഞ്ഞു. "നാളെ ഷെക്കൽ കുത്തനെ ദുർബലമാകാൻ സാധ്യതയുണ്ട്, ഒരു ഘട്ടത്തിൽ ബാങ്ക് ഓഫ് ഇസ്രായേൽ FX വിൽക്കാനുള്ള ഉയർന്ന സാധ്യതയെയും ഞങ്ങൾ മുന്നില്‍ കാണുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹമാസിന്‍റെ ആക്രമണത്തില്‍ ഏതാണ്ട് 500 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ തടങ്കലുമാക്കിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തിരിച്ചടിയായി ഇസ്രായേല്‍ ഗാസയിലേക്കും ടെല്‍ അവീവിലേക്കും റോക്കറ്റ് ആക്രമണം നടത്തി. യുദ്ധം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ ബജറ്റുകൾ വേഗത്തിലാക്കാന്‍ മന്ത്രാലയ വകുപ്പുകളുടെ മേധാവികൾക്ക് നിർദ്ദേശം നൽകിയതായി ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് അറിയിച്ചു. 2014 ൽ ഗാസയിൽ ഹമാസ് ഭീകരരുമായി നടത്തിയ 50 ദിവസത്തെ യുദ്ധം 3.5 ബില്യൺ ഷെക്കലിന്‍റെ അഥവാ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 0.3 ശതമാനം നാശനഷ്ടമുണ്ടാക്കിയെന്ന് അറിയിച്ച ബാങ്ക് ഓഫ് ഇസ്രായേൽ സംഘർഷത്തെ തുടര്‍ന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങൾ വളരെ പെട്ടെന്ന് തന്നെ വിലയിരുത്തുമെന്ന് അവകാശപ്പെട്ടു. അതേസമയം ബാങ്ക് ഓഫ് ഇസ്രായേൽ  രാജ്യത്ത് 2023 ലും 2024 ലും 3 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. ഇതിനിടെയായിരുന്നു ഹമാസിന്‍റെ ആക്രമണം. 

Follow Us:
Download App:
  • android
  • ios