പുതിയ നികുതി ഘടനയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ജനപ്രിയ സിഗരറ്റ് ബ്രാൻഡുകളുടെ വില വീണ്ടും വർധിപ്പിച്ച് ഐടിസി. ഗോൾഡ് ഫ്ലേക്ക് പ്രീമിയം ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് ഈ വർഷം തുടർച്ചയായ രണ്ടാം തവണയും വില കൂട്ടിയത്. വർധിച്ച നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണ് കമ്പനി ചെയ്യുന്നത്.
പുകവലിക്കാര്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി സിഗരറ്റ് വില വീണ്ടും വര്‍ധിച്ചു. പ്രമുഖ കമ്പനിയായ ഐടിസി അവരുടെ ജനപ്രിയ ബ്രാന്‍ഡായ ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന്റെ വിലയാണ് വീണ്ടും കൂട്ടിയത്.
പുതിയ വില 135 രൂപ
പുതിയ നിരക്ക് പ്രകാരം 10 സിഗരറ്റുകള്‍ അടങ്ങിയ ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം പാക്കറ്റിന് ഇനിമുതല്‍ 135 രൂപ നല്‍കണം. നേരത്തെ ഇത് 125 രൂപയായിരുന്നു. ഒറ്റയടിക്ക് 8 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന്റെ വില ഐടിസി കൂട്ടുന്നത്. കഴിഞ്ഞ ജൂണില്‍ 10 എണ്ണത്തിന്റെ പാക്കറ്റിന് 115 രൂപയില്‍ നിന്ന് 125 രൂപയായി (8.7% വര്‍ധനവ്) കമ്പനി ഉയര്‍ത്തിയിരുന്നു.
ഈ വര്‍ഷത്തെ രണ്ട് വര്‍ധനവുകളും കൂടി കണക്കിലെടുത്താല്‍, മൊത്തം 17.4 ശതമാനത്തിന്റെ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അതായത്, ഈ വര്‍ഷം ആദ്യം 115 രൂപയുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനാണ് ഇപ്പോള്‍ 135 രൂപ നല്‍കേണ്ടി വരുന്നത്.
തുടര്‍ച്ചയായ വിലവര്‍ധനവ്
ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നികുതി ഘടനയാണ് ഇതിന് പ്രധാന കാരണം. 2026 ഫെബ്രുവരി 1 മുതല്‍ സിഗരറ്റുകള്‍ക്ക് 40 ശതമാനം ജിഎസ്ടിയും ഇതിന് പുറമെ പുതിയ അധിക എക്‌സൈസ് ഡ്യൂട്ടിയും ഏര്‍പ്പെടുത്തിയിരുന്നു. സിഗരറ്റിന്റെ നീളവും, ഫില്‍റ്റര്‍ ഉണ്ടോ ഇല്ലയോ എന്നതും അടിസ്ഥാനമാക്കിയാണ് ഈ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. വര്‍ധിച്ച ഈ നികുതി ഭാരം ഉപഭോക്താക്കളിലേക്ക് തന്നെ കൈമാറുകയാണ് കമ്പനികള്‍ ചെയ്യുന്നത്.
മറ്റ് ബ്രാന്‍ഡുകള്‍ക്കും പൊള്ളുന്ന വില
ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന് മാത്രമല്ല, മറ്റ് ബ്രാന്‍ഡുകള്‍ക്കും ഐടിസി ഈ വര്‍ഷം വില കൂട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യം 20 എണ്ണമുള്ള ക്ലാസിക് കണക്ട് സിഗരറ്റ് പാക്കറ്റിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപയായി (9.74%) കൂട്ടിയിരുന്നു. ഇതിനൊപ്പം 10 എണ്ണമുള്ള ഗോള്‍ഡ് ഫ്‌ലേക്ക് സൂപ്പര്‍ സ്റ്റാറിന്റെ വില 79 രൂപയില്‍ നിന്ന് 89 രൂപയായും (12.66%) വര്‍ധിപ്പിച്ചു.
നേരത്തെ ഫെബ്രുവരിയിലും കമ്പനി ഈ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയിരുന്നു. ക്ലാസിക് കണക്ടിന്റെ വില 300 രൂപയില്‍ നിന്ന് 360 രൂപയായും പിന്നീട് 390 രൂപയായും വര്‍ധിപ്പിച്ചു. ഗോള്‍ഡ് ഫ്‌ലേക്ക് സൂപ്പര്‍ സ്റ്റാറിന്റെ വില 59 രൂപയില്‍ നിന്ന് 70 രൂപയായും ഫെബ്രുവരിയില്‍ ഉയര്‍ത്തിയിരുന്നു.


