10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആയാണ് നികുതി കുറച്ചിരിക്കുന്നത്. നിലവില്‍ 5 ശതമാനമാണ് നികുതി.
ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങൾ കരട് ധനബില്ലില്‍ ഇടംപിടിച്ചിരിക്കുകയാണ്. 10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആയാണ് നികുതി കുറച്ചിരിക്കുന്നത്. നിലവില്‍ 5 ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് എട്ട് ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേയ്ക്കും 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് 10 ശതമാനവും എന്നിങ്ങനെയാണ് നികുതി വരുന്നത്. 20 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല.
അതേസമയം, ഉയർന്ന വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് 40 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് റോഡ് നികുതി 15 ശതമാനമായി ഉയർത്തിയിട്ടുണ്ട്. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് ഇത് പതിനഞ്ച് ശതമാനമായി വർധിപ്പിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് പുതിയ നികുതി നിരക്ക് ബാധകമാവുക. അതോടൊപ്പം ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യ പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിക്ക് വലിയ രീതിയിലുള്ള ഉണർവേകാൻ പുതിയ നികുതി ഇളവുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇ-ഓട്ടോകളും ഇലക്ട്രിക് ടൂവീലറുകളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ തീരുമാനം വഴിയൊരുക്കും. ധനബിൽ നിയമസഭ പാസ്സാക്കുന്നതോടെ ഈ പുതുക്കിയ നിരക്കുകൾ ഔദ്യോഗികമായി നിലവിൽ വരും.


