രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി, ചരിത്രത്തിലാദ്യമായി 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. ഈ നീക്കത്തിലൂടെ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ ഇരട്ടിയാകുമെങ്കിലും, ഓഹരി വില പകുതിയായി കുറയുന്നതിനാൽ നിക്ഷേപത്തിന്റെ ആകെ മൂല്യത്തിൽ മാറ്റമുണ്ടാകില്ല. ഐപിഒ വിലയേക്കാൾ താഴെ തുടരുന്ന ഓഹരിക്ക് ഈ പ്രഖ്യാപനം പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനാണ് തീരുമാനമായത്.
എന്താണ് 1:1 ബോണസ്?
കൈവശമുള്ള ഓരോ എല്‍ഐസി ഓഹരിക്കും പകരം ഒരു ഓഹരി കൂടി സൗജന്യമായി നല്‍കുന്നതാണ് ഈ പദ്ധതി. അതായത്, നിലവില്‍ നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍, ബോണസ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അത് 200 ഓഹരികളായി മാറും. ഇതിനായി നിക്ഷേപകര്‍ അധിക പണം നല്‍കേണ്ടതില്ല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ച ശേഷമാകും ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ഇതിനായുള്ള 'റെക്കോര്‍ഡ് തീയതി' കമ്പനി പിന്നീട് അറിയിക്കും.
വിപണിയിലെ നിലവിലെ അവസ്ഥ
തിങ്കളാഴ്ച 0.71 ശതമാനം നേട്ടത്തോടെ 804.25 രൂപയിലാണ് എല്‍ഐസി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ ആകെ വിപണി മൂല്യം 5.10 ലക്ഷം കോടി രൂപയോളമാണ്. എന്നാല്‍, 2022-ല്‍ ഐപിഒ സമയത്തുണ്ടായിരുന്ന 949 രൂപയേക്കാള്‍ 15 ശതമാനം താഴെയാണ് ഇപ്പോഴും ഓഹരി വില. 2024 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,180 രൂപയേക്കാള്‍ 32 ശതമാനം ഇടിവിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
നിക്ഷേപകരെ എങ്ങനെ ബാധിക്കും?
ബോണസ് ഓഹരികള്‍ ലഭിക്കുമ്പോള്‍ ഓഹരികളുടെ എണ്ണം ഇരട്ടിയാകുമെങ്കിലും നിക്ഷേപത്തിന്റെ ആകെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. ബോണസ് നല്‍കുന്ന ദിവസം ഓഹരി വിലയും ആ അനുപാതത്തില്‍ പകുതിയായി കുറയും. ഉദാഹരണത്തിന്, 800 രൂപയുള്ള ഓഹരി ബോണസിന് ശേഷം 400 രൂപയായി മാറും. എന്നാല്‍ ഭാവിയില്‍ ഓഹരി വില ഉയരുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ കൈവശമുള്ളത് നിക്ഷേപകര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സഹായിക്കും. ഓഹരിയുടെ മുഖവില 10 രൂപയായി തന്നെ തുടരും.
ഐപിഒ സമയത്ത് ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും നല്‍കിയ ഇളവുകള്‍ക്ക് ശേഷവും ഓഹരി വില ഐപിഒ വിലയേക്കാള്‍ താഴെ തുടരുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ ബോണസ് പ്രഖ്യാപനം നിക്ഷേപകര്‍ക്ക് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
