മുംബൈ: ദീപാവലി പ്രമാണിച്ചുളള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഇന്ന് നടക്കും. പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6.15 മുതല്‍ ഒരു മണിക്കൂര്‍ ആയിരിക്കും പ്രത്യേക വ്യാപാര സെഷന്‍ (6.15 മുതല്‍ 7.15 വരെ). ദീപാവലി പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയായിരിക്കും. ഹിന്ദു കലണ്ടർ വർഷമായ സംവത് 2076 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ഒരേ സമയം വ്യാപാരം അരങ്ങേറും. കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഏഴ് ട്രേഡ് സെഷനുകളിലും ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലായിരുന്നു മുഹൂര്‍ത്ത വ്യാപാരം അവസാനിപ്പിച്ചത്. 

കഴിഞ്ഞ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരത്തില്‍ ( സംവത് 2075) സെന്‍സെക്സിലെയും നിഫ്റ്റിയിലെയും മുഖ്യ സൂചികകള്‍ യഥാക്രമം 11 ശതമാനവും 10 ശതമാനവും ഉയര്‍ന്നു. എന്നാല്‍, മിഡ് ക്യാപ്പുകളും സ്മോള്‍ ക്യാപ്പുകളും വേണ്ട വിധം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല.