ഇറാൻ- അമേരിക്ക യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സും നിഫ്റ്റിയും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷം, ക്രൂഡ് ഓയിൽ വിലവർധന, രൂപയുടെ റെക്കോർഡ് തകർച്ച എന്നിവയാണ് വിപണിയെ തളർത്തിയത്. ഈ തകർച്ചയിൽ നിക്ഷേപകർക്ക് ഒറ്റദിവസം കൊണ്ട് 13 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23നുണ്ടായ ഓഹരി വിപണിയിലെ ആ കറുത്ത ദിനത്തിന്റെ ആറാം വാര്‍ഷികത്തില്‍ നിക്ഷേപകര്‍ക്ക് വീണ്ടും കനത്ത പ്രഹരം. ഇറാന്‍- അമേരിക്ക തര്‍ക്കം യുദ്ധഭീതി ഉയര്‍ത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് 1,930 പോയിന്റും നിഫ്റ്റി 500 പോയിന്റിലധികവും ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തിയില്‍ 13 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധം, ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ്, രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച എന്നിവയാണ് വിപണിയെ തളര്‍ത്തിയത്.
ആറാം വാര്‍ഷികത്തിലെ ആഘാതം
ആറ് വര്‍ഷം മുന്‍പ് ഇതേ ദിവസം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ നിഫ്റ്റി 13 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അന്ന് വിപണിയിലുണ്ടായ തകര്‍ച്ചയെ അനുസ്മിപ്പിക്കും വിധമായിരുന്നു ഇന്നത്തെയും വീഴ്ച. ഉച്ചയ്ക്ക് 12:28-ഓടെ സെന്‍സെക്സ് 1,930 പോയിന്റ് തകര്‍ന്ന് 72,601-ലും നിഫ്റ്റി 22,494-ലുമെത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 416 ലക്ഷം കോടി രൂപയായി കുറഞ്ഞു. ടാറ്റാ സ്റ്റീല്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം 2-3 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
വിപണി തകരാന്‍ പ്രധാനമായും 7 കാരണങ്ങള്‍
1. ഇറാന്‍ - അമേരിക്ക യുദ്ധഭീതി
ഇറാനും അമേരിക്ക- ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളില്‍ കടുക്കുമെന്ന സൂചന നിക്ഷേപകരെ പരിഭ്രാന്തരാക്കി. ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന് മറുപടിയായി അമേരിക്ക ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ ജല-ഊര്‍ജ്ജ സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി.
2. എണ്ണവില 110 ഡോളറിന് മുകളില്‍
യുദ്ധം കനത്തതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 113 ഡോളറിലെത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അനിശ്ചിതകാലത്തേക്ക് അടച്ചേക്കുമെന്ന ഭീതിയാണ് വില ഉയരാന്‍ കാരണം.
3. രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 93.84-ല്‍ എത്തി. എണ്ണവില വര്‍ധിക്കുന്നതും വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം 94 കടന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
4. വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നു
യുദ്ധസാഹചര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്ത വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 5,518 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റത്.
5. അമേരിക്കന്‍ കടപ്പത്ര നിരക്കുകള്‍ ഉയരുന്നു
അമേരിക്കയിലെ കടപ്പത്ര നിരക്കുകള്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇത് ഓഹരി വിപണിയിലെ നിക്ഷേപം കുറയ്ക്കാന്‍ കാരണമായി.
6. തകര്‍ന്നടിഞ്ഞ് ആഗോള വിപണികള്‍
ഇന്ത്യന്‍ വിപണി മാത്രമല്ല, ഏഷ്യയിലെ മറ്റ് പ്രധാന വിപണികളും തകര്‍ച്ച നേരിട്ടു. ദക്ഷിണ കൊറിയയിലെ വിപണി 6 ശതമാനവും ജപ്പാനിലെ നിക്കി 4 ശതമാനവും ഇടിഞ്ഞു.
7. ഡീസല്‍ വില വര്‍ധന
വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിന് ലിറ്ററിന് 25 ശതമാനം (ഏകദേശം 22 രൂപ) വര്‍ധിപ്പിച്ചത് കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂട്ടുമെന്ന ആശങ്കയുണ്ടാക്കി.
ഇനിയെന്ത്?
യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തത് വിപണിയെ കൂടുതല്‍ തളര്‍ത്തുകയാണ്. ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കുന്നതോടെ യുദ്ധം ഏത് ദിശയിലേക്ക് നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ അടുത്ത ചലനങ്ങള്‍.


