പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ വിദേശയാത്ര നടത്തുന്നവർ സാധാരണ ട്രാവൽ ഇൻഷുറൻസുകളെ മാത്രം ആശ്രയിക്കരുത്. കാരണം അവ യുദ്ധം മൂലമുള്ള നഷ്ടങ്ങൾക്ക് പരിരക്ഷ നൽകില്ല. യാത്ര റദ്ദാക്കൽ പോലുള്ളവയ്ക്ക് പ്രത്യേക കവറേജ് ഉള്ള പോളിസികൾ തിരഞ്ഞെടുക്കുകയും, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റീഫണ്ട് ഓപ്ഷനുകൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശയാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കണം... സാധാരണ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ പലപ്പോഴും യുദ്ധം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കോ വിമാനം റദ്ദാക്കുന്നതിനോ പരിരക്ഷ നല്‍കില്ല. അതിനാല്‍, യാത്രയ്ക്ക് മുന്‍പ് എടുക്കുന്ന ഇന്‍ഷുറന്‍സില്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ വിമാനം ക്യാൻസൽ ചെയ്യുകയോ, യാത്ര തടസപ്പെടുകയോ ചെയ്താല്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ പ്രത്യേക കവറേജ് ഉള്ള പോളിസികള്‍ തന്നെ തിരഞ്ഞെടുക്കണം.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ റീഫണ്ട് ലഭിക്കുന്നവ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സൗജന്യമായി ക്യാന്‍സല്‍ ചെയ്യാവുന്നവയ്ക്ക് മുന്‍ഗണന നല്‍കാം. വിമാനം ക്യാൻസൽ ചെയ്താൽ ബോര്‍ഡിംഗ് പാസ്, പുതുക്കിയ യാത്രാ രേഖകള്‍, ബില്ലുകള്‍ എന്നിവ സൂക്ഷിച്ചു വെക്കുക. യുദ്ധം മൂലമുള്ള ക്യാന്‍സലേഷനുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കിയില്ലെങ്കില്‍ എയര്‍ലൈനില്‍ നിന്ന് ക്ലെയിം ചെയ്യാന്‍ ഇത് സഹായിക്കും. വിമാനം എയര്‍ലൈന്‍ തന്നെയാണ് റദ്ദാക്കുന്നതെങ്കില്‍ ഡിജിസിഎ നിയമപ്രകാരം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

സാധാരണ ഇന്‍ഷുറന്‍സ് പരിധിയിലെ പരിരക്ഷകള്‍

ചികിത്സ: യാത്രയ്ക്കിടയിലെ അപ്രതീക്ഷിത രോഗങ്ങള്‍, പരിക്കുകള്‍, ശസ്ത്രക്രിയ എന്നിവയുടെ ചിലവ്.

യാത്രാ തടസങ്ങള്‍: നിശ്ചിത സമയ പരിധിക്ക് അപ്പുറം വിമാനം വൈകിയാല്‍ ഭക്ഷണത്തിനും താമസത്തിനുമുള്ള ചിലവ്.

കണക്ഷന്‍ ഫ്ലൈറ്റ്: ആദ്യ വിമാനം വൈകിയത് കാരണം അടുത്ത വിമാനം നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരം.

രേഖകളും ലഗേജും: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയത് എടുക്കാനുള്ള സഹായം, ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്താല്‍ ലഭിക്കുന്ന നഷ്ടപരിഹാരം.

ഇവയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ല; ശ്രദ്ധിക്കുക!

ഇന്‍ഷുറന്‍സ് പോളിസിയില്‍ എല്ലാ കാര്യങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്ന് കരുതരുത്.

അസുഖങ്ങള്‍: നിലവിലുള്ള അസുഖങ്ങള്‍ കാരണം ചികിത്സ തേടേണ്ടി വന്നാല്‍ സാധാരണ പോളിസിയില്‍ പരിരക്ഷ ലഭിക്കില്ല. ഇതിനായി പ്രത്യേക 'ആഡ്-ഓണ്‍' എടുക്കണം.

ലഹരി ഉപയോഗം: മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ ക്ലെയിം ലഭിക്കില്ല.

യുദ്ധമേഖലകള്‍: യാത്രാവിലക്കുള്ള രാജ്യങ്ങളിലോ യുദ്ധമേഖലകളിലോ പോയി അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍: അത്യാവശ്യമല്ലാത്ത ദന്തചികിത്സകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.

അശ്രദ്ധ: ലഗേജ് ശ്രദ്ധിക്കാതെ ഉപേക്ഷിക്കുകയോ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നത് മൂലമുള്ള നഷ്ടങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയായിരിക്കില്ല.