ഇന്നലെ 105 ഡോളറിനു മുകളിലെത്തിയ ക്രൂഡ് ഓയില്‍ വില ഇന്ന് 101 ലേക്ക് താഴ്ന്നു. സ്വര്‍ണ്ണവിലയും കുറഞ്ഞു. ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ്. സെന്‍സെക്സ് 1500 പോയിന്‍റ് വരെ ഉയര്‍ന്നു.
റഷ്യയുടെ (Russia ) യുക്രൈന്‍ ( Ukraine ) ആക്രമണത്തെ (Russia Ukraine Crisis) തുടര്‍ന്നുണ്ടായ പരിഭ്രാന്തി മറികടന്ന് ആഗോള വിപണികള്‍. യുദ്ധം വ്യാപിക്കില്ലെന്നും റഷ്യക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം ആഗോള വിപണിയെ പെട്ടന്നു ബാധിക്കില്ലെന്നും വ്യക്തമായതോടെ ഇന്നലത്തെ നഷ്ടത്തില്‍ നിന്നും തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് വിപണികള്‍. ഇന്നലെ 105 ഡോളറിനു മുകളിലെത്തിയ ക്രൂഡ് ഓയില്‍ വില ഇന്ന് 101 ലേക്ക് താഴ്ന്നു. സ്വര്‍ണ്ണവിലയും കുറഞ്ഞു. ഓഹരി വിപണികളും ഇന്ന് നേട്ടത്തിലാണ്. സെന്‍സെക്സ് 1500 പോയിന്‍റ് വരെ ഉയര്‍ന്നു.
ഇന്നലത്തെ പരിഭ്രാന്തി മറികടന്ന് വിപണിയില്‍ ഇന്ന് ആശ്വാസ ദിനം. നാറ്റോ രാജ്യങ്ങളോ അമേരിക്കയോ സൈനിക ആക്രമണത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ യുദ്ധം യുക്രൈനില്‍ ഒതുങ്ങുമെന്നതായിരുന്നു ഓഹരി വിപണിക്ക് ലഭിച്ച ആദ്യത്തെ ആശ്വാസം. റഷ്യക്കെതിരെ അമേരിക്കയടക്കം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധങ്ങള്‍ വിപണികളെ പെട്ടന്ന് ബാധിക്കില്ലെന്നതും ഗുണമായി. റഷ്യയുടെ ഊര്‍ജ്ജ വ്യപാരത്തെ ഉപരോധം തൽകാലം ബാധിക്കില്ലെന്നതും നിക്ഷേപകർക്ക് ഉണർവേകി. ഇതോടെ 105 ഡോളറില്‍ നിന്നും ക്രൂഡ് ഓയില്‍ വില 101 ഡോളറിലേക്ക് താഴ്ന്നു. 1970 ഡോളറിനരികെയെത്തിയ സ്വര്‍ണ്ണവില 1915 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ പവന്‍റെ വില 320 രൂപ കുറഞ്ഞു.
ഓഹരി വിപണിയിലും ഇന്ന് ആശ്വാസമാണ്. ഇന്ത്യൻ വിപണിയില്‍ സെൻസെക്സ് 1500 പോയിന്‍റോളം ഒരു ഘട്ടത്തില്‍ കുതിച്ചു. ഇന്നലെ വലിയ നഷ്ടമുണ്ടായ ഓഹരികളും തിരിച്ചുകയറുകയാണ്. ഇന്നലെ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം വിപണി മൂല്യത്തിലുണ്ടായ റിലയന്‍സ് ഗ്രൂപ്പ് ഓഹരികളും 66000 കോടി രൂപയുടെ നഷ്ടമുണ്ടായ അദാനി ഗ്രൂപ്പ് ഓഹരികളും തിരിച്ചുകയറുന്നുണ്ട്. വന്‍കിട നിക്ഷേപകര്‍ക്ക് ഇന്നലെയുണ്ടായ നഷ്ടത്തിന്‍റെ പകുതിയോളം നികത്താനായി.
Gold Price Today: യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു
എന്നാല്‍ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം റഷ്യയിലെ ശതകോടീശ്വരന്മാര്‍ക്ക് ഇരുട്ടടിയായി. 90 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം റഷ്യന്‍ 119 കോടീശ്വരന്മാര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഫോർബ്സിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഇവരുടെ നിക്ഷേപങ്ങളടക്കം വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്. വലിയ തിരിച്ചടിയുണ്ടായ 13 ശതകോടീശ്വരന്മാരുമായി പ്രസിഡന്‍റ് പുടിന്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ ഉപരോധത്തെ മറികടക്കന്‍ റഷ്യ ഡോളറിനു പകരം ഡിജിറ്റല്‍ കറന്‍സികളും മറ്റ് ക്രിപ്റ്റോകറന്‍സികളും ഉപയോഗിച്ചേക്കുമെന്നാണ് സൂചന. റഷ്യയിലെ അതിസമ്പന്നന്മാരും ക്രിപ്റ്റോ കറന്‍സിയിലൂടെ സമ്പത്ത് പുറത്തേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനായി തയ്യാറാകാന്‍ വിവിധ ഏജന്‍സികള്‍ ലോകത്തെ പ്രധാന ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
