എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ സാമ്പത്തിക ഓഹരികളിൽ വാങ്ങലുകാർ കൂടിയതോ‌ടെ ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച രണ്ട് ശതമാനം ഉയർന്നു. സർക്കാർ വ്യവസായത്തോടൊപ്പമാണെന്നും കമ്പനികൾ ഏറ്റവും സമ്മർദ്ദകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ കഴിയുന്നത്ര ചെയ്യുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ധനമന്ത്രിയു‌ടെ വാക്കുകൾ വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായെന്ന് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.‌

സെൻസെക്സ് 622 പോയിൻറ് അഥവാ 2 ശതമാനം ഉയർന്ന് 30,819 ലും നിഫ്റ്റി 187 പോയിൻറ് ഉയർന്ന് (2.11 ശതമാനം) 9,067 എന്ന നിലയിലും എത്തി.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ മികച്ച സംഭാവന നൽകിയവർ. 30-ഷെയർ സൂചികയിലേക്ക് അവർ 400 പോയിൻറുകൾ സംഭാവന ചെയ്തു.

മേഖലാപരമായി, എൻ‌എസ്‌ഇയിലെ എല്ലാ സൂചികകളും നേട്ടമുണ്ടാക്കി. 9,456.80 ലെവലിൽ നാല് ശതമാനം നേട്ടവുമായി നിഫ്റ്റി ഫാർമ ഒന്നാമതെത്തി. നിഫ്റ്റി ബാങ്കും നിഫ്റ്റി പ്രൈവറ്റ് ബാങ്കും രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കി.

വിശാലമായ വിപണിയിൽ ബി‌എസ്‌ഇ മിഡ്‌കാപ്പ് സൂചിക 1.5 ശതമാനം ഉയർന്ന് 11,278 ലെത്തി. ആഴ്ചയിലെ മുന്നേറ്റം തുടരാൻ ഏഷ്യൻ വിപണികൾക്ക് ഇന്ന് കഴിഞ്ഞില്ല. ജപ്പാന് പുറത്തുള്ള എം‌എസ്‌സി‌ഐയുടെ ഏഷ്യ -പസഫിക് ഷെയറുകളുടെ വിശാലമായ സൂചിക ഫ്ലാറ്റായിരുന്നു. ചൈനീസ് സർക്കാറിന്റെ സാമ്പത്തിക പദ്ധതികൾ നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ ഹോങ്കോങ്ങിലെയും ചൈനയിലെയും ഓഹരികളും ഫ്ലാറ്റായിരുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിക്കുക. 

ജപ്പാനിലെ നിക്കി ഒരു ശതമാനം ഉയർന്നു.

യൂറോപ്പിൽ ഓഹരികൾ ഇടിഞ്ഞു. യൂറോപ്പിന്റെ STOXX 600 സൂചിക 1.6 ശതമാനം താഴെയാണ്. എഫ്‌ടി‌എസ്‌ഇ 100 ബ്ലൂ ചിപ്പ് 0.4 ശതമാനം ഇടിഞ്ഞു. റോൾസ് റോയ്‌സ് ഹോൾഡിംഗ്സ് പി‌എൽ‌സി 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.