17414.30 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 0.45 ശതമാനവും നിഫ്റ്റി 0.53 ശതമാനവും മുന്നേറി.

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ (Stock Market) നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 9.15 ന് 258.53 പോയിന്റ് ഉയർന്ന സെൻസെക്സ് 58255.21 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി (Nifty) 92.10 പോയിന്റ് മുന്നേറി. 17414.30 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് (Sensex) 0.45 ശതമാനവും നിഫ്റ്റി 0.53 ശതമാനവും മുന്നേറി.

 1387 ഓഹരികളുടെ മൂല്യം ഉയർന്നപ്പോൾ 360 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 84 ഓഹരികളുടെ മൂല്യത്തിൽ വ്യത്യാസം ഉണ്ടായില്ല. ടാറ്റാ മോട്ടോഴ്സ്, വിപ്രോ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹീറോ മോട്ടോകോർപ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 

എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച് യു എൽ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡോക്ടർ റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് രാവിലെ ഇടിവുണ്ടായി.

കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ സംഭവിച്ചത്

ഇന്ത്യൻ ആഭ്യന്തര വിപണികൾ കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റൽ, ഐടി സെക്ടറൽ ഓഹരികളിൽ ഉണ്ടായ ഇടിവാണ് ഓഹരി സൂചികകളെ താഴേക്ക് വലിച്ചത്. നേരിയ തോതിലുള്ള നേട്ടത്തിൽ ഓഹരി വിപണികൾ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരിക്കെ നാറ്റോ പുറത്തിറക്കിയ പ്രസ്താവനയിൽ റഷ്യയുടെ സൈനിക പിന്മാറ്റത്തിൽ അവിശ്വാസം രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.

വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 145.37 പോയിന്റ് താഴ്ന്നു. 0.25 ശതമാനം ഇടിവോടെ 57996.68 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം ബോംബെ ഓഹരി സൂചിക അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്ന് 30.30 പോയിന്റ് താഴേക്ക് പോയി. 0.17 ശതമാനമാണ് ഇടിവ്. 17322.20 പോയിന്റിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഈ ഘട്ടത്തിൽ നിഫ്റ്റിയിലെ 1958 ഓഹരികൾ മുന്നേറി. 1309 ഓഹരികൾ ഇടിവ് നേരിട്ടു. 99 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

പവർ ഗ്രിഡ് കോർപറേഷൻ, അൾട്രാടെക് സിമന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് ദേശീയ ഓഹരി സൂചികയിൽ ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടവ. അതേസമയം ഡിവൈസ് ലാബ്, അദാനി പോർട്സ്, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി.

മേഖലാ സൂചികകളിൽ ഓട്ടോ, ഐടി, പവർ, മെറ്റൽ, പൊതുമേഖലാ ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയവയിൽ വിൽപ്പന സമ്മർദ്ദം നേരിട്ടു. അതേസമയം ഹെൽത്ത്കെയർ, ഓയിൽ ആന്റ് ഗ്യാസ്, റിയാൽറ്റി ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും ഇന്ന് 0.42 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.