വിനിമയ വിപണിയിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ആഭ്യന്തര ഓഹരി വിപണിയിലെ വൻ വിൽപ്പന ഇടിവും രൂപയ്ക്ക് വിനയായി. ഒരു യുഎസ് ഡോളറിനെതിരെ 76.74 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം രൂപയുടെ മൂല്യം 76.85 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിരക്കായ 76.87 ലേക്ക് ഇടിഞ്ഞിരുന്നു. 

വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.83 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിം​ഗ് നിരക്ക് 76.54 രൂപയായിരുന്നു. 

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് സൂചിക വ്യാപാരം അവസാനിക്കുമ്പോൾ ആയിരത്തിലധികം പോയിൻറ് ഇടിഞ്ഞു. ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് നിക്ഷേപം റെക്കോർഡ് നിരക്കിൽ പുറത്തേക്ക് പോകുന്നതിനിടെ ഈ വർഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് ശതമാനം ഇടിഞ്ഞു.

വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ (എഫ്ഐഐകൾ) മൂലധന വിപണിയിൽ നിന്നും വിറ്റൊഴിയുകയാണ്. തിങ്കളാഴ്ച 265.89 കോടി രൂപയുടെ ഓഹരികൾ അവർ‍ വിറ്റു. നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികൾ ഒഴിവാക്കിയതിനാൽ ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഡോളർ സൂചിക 0.23 ശതമാനം ഉയർന്ന് 100.28 ആയി. 

"ലോകമെമ്പാടുമുള്ള റിസ്ക് വികാരം വൻതോതിൽ വർധിച്ചു. ഡൗ ജോൺസ് ഒറ്റരാത്രികൊണ്ട് 2.5% കുറഞ്ഞു," ഐ‌എഫ്‌എ ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ അഭിഷേക് ഗോയങ്ക പറയുന്നു.

"ഉത്തരകൊറിയൻ നേതാവ് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളും ഏഷ്യൻ വിപണികളിൽ ചലനം ഉണ്ടാക്കി. മറ്റ് ഏഷ്യൻ കറൻസികളും യുഎസ് ഡോളറിനെതിരെ ദുർബലമാണ്. ഡോളർ സൂചിക 100 മാർക്കിനു മുകളിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്വിറ്റികൾ വിറ്റഴിക്കുന്നത് രൂപ മുന്നോട്ട് പോകുന്നതിന് വലിയ ഭീഷണിയാണെന്നും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകര്ക്ക് 378 ബില്യണ് ഡോളറിന്റെ ഇന്ത്യൻ ഇക്വിറ്റികളുണ്ടെന്നും പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് അദ്ദേഹം പറഞ്ഞു.