മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മാറിമറിയുന്ന ഫല സൂചനകളിൽ ജാ​ഗ്രതയോടെ നീങ്ങി നിക്ഷേപകർ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബിഡനും തമ്മിലുളള പോരാട്ടത്തിന്റെ ആദ്യ സൂചനകൾ പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര ഇക്വിറ്റി വിപണികൾ അര ശതമാനം ഉയർന്നു.

തലക്കെട്ട് സൂചികകളിൽ ബിഎസ്ഇ സെൻസെക്സ് 150 പോയിന്റ് അഥവാ 0.4 ശതമാനം ഉയർന്ന് 40,410 ലെവലിലും നിഫ്റ്റി 50 സൂചിക 11,850 മാർക്കിന് മുകളിലുമാണ്. ഇൻഫോസിസ്, സൺ ഫാർമ, എച്ച്സിഎൽ ടെക് (മൂന്ന് ഓഹരികളും 3% വരെ ഉയർന്നു) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിലേക്ക് ഉയർന്ന ഓഹരികൾ.

നിഫ്റ്റി സെക്ടറൽ സൂചികകൾക്കിടയിലെ പ്രവണത സമ്മിശ്രമാണ്, നിഫ്റ്റി ഐടി സൂചിക രണ്ട് ശതമാനം ഉയർന്ന് നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി. വിശാലമായ വിപണിയിൽ ബിഎസ്ഇ മിഡ് കാപ്പ്, സ്മോൾകാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു.

ഇന്നത്തെ ഫലങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലുപിൻ, അദാനി എന്റർപ്രൈസസ് എന്നിവയുൾപ്പെടെ 91 കമ്പനികൾ തങ്ങളുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

അറ്റ പലിശ വരുമാനത്തിലെ മന്ദഗതിയിലുള്ള വളർച്ച, വായ്പാ വളർച്ചയിലെ നിശ്ചലാവസ്ഥ, മാറ്റമില്ലാത്ത അറ്റ പലിശ മാർജിൻ, പ്രവർത്തന ലാഭത്തിലെ ഇടിവ് എന്നിവ സ്റ്റേറ്റ് ബാങ്കിന്റെ ഈ പാദത്തെ അടയാളപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. ആദ്യ മണിക്കൂറുകളിലെ റിപ്പോർട്ടുകൾ പ്രകാരം യുഎസ് ഡോളറിനെതിരെ 33 പൈസ ഇടിവോ‌ടെ ഇന്ത്യൻ രൂപ 74.74 എന്ന നിലയിലാണ്.