ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ താല്‍കാലിക തിരിച്ചടി നേരിട്ടെങ്കിലും വൈകാതെ തന്നെ ശക്തമായ തിരിച്ചു വരുമെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകനും എംഡിയുമായ രാഹുല്‍ ശര്‍മ പറഞ്ഞു. പോയ വര്‍ഷം മൈക്രോമാക്‌സ് ഫോണുകളുടെ വില്‍പനയില്‍ ഇടിവുണ്ടായെന്ന് സമ്മതിച്ച രാഹുല്‍ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നുണ്ടായ കടുത്ത മത്സരമാണ് ഇതിനു കാരണമെന്നും പറഞ്ഞു. 

സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടതോടെ ഞങ്ങള്‍ സ്വയം വിപണിയില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു. മൈക്രോമാക്‌സ് ഫോണുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളും നമ്മുക്ക് നേരിടേണ്ടി വരും രാഹുല്‍ പറയുന്നു. 

പക്ഷേ ഇപ്പോഴുള്ള ബഹളം ഒതുങ്ങിയാല്‍ ഞങ്ങള്‍ ശക്തമായി തിരിച്ചു വരും. അതിനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. ചില ചൈനീസ് കമ്പനികള്‍ വില്‍പന നിയന്ത്രിക്കുകയും ചിലര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു മടങ്ങിയതും ചൂണ്ടിക്കാട്ടി രാഹുല്‍ പറയുന്നു. 

എല്ലാ മേഖലയിലും മത്സരം ശക്തമാണെന്നും പത്ത് വര്‍ഷം കൂടുമ്പോള്‍ തകര്‍ച്ചയും പിന്‍വാങ്ങലും തിരിച്ചു വരവുമെല്ലാം കമ്പനികള്‍ നേരിടേണ്ടി വരുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഇന്ത്യയില്‍ പക്ഷേ ഓരോ വര്‍ഷത്തിലും സാഹചര്യങ്ങള്‍ മാറുകയാണ്. ഇവിടെ മൊബൈല്‍ വിപണി അതിവേഗം വളരുകയാണ്. മത്സരരീതികളും അതിനൊപ്പം മാറുന്നു. ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ മത്സരരംഗത്തുണ്ടായിരുന്ന ഒരേ ഒരു ഇന്ത്യന്‍ കമ്പനി സ്‌പൈസ് മൊബൈല്‍സായിരുന്നു. ഇന്നിപ്പോള്‍ 130-ഓളം ഇന്ത്യന്‍ കമ്പനികള്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്തെ മൊബൈല്‍ വിപണിയുടെ വലിപ്പം വിശദീകരിച്ചു കൊണ്ട് രാഹുല്‍ പറയുന്നു.