കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതോടെ നിര്‍മാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികള്‍ ആശങ്കയില്‍. നിര്‍മാണം പകുതിയായി കുറഞ്ഞതോടെ ഇതരസംസ്ഥാന തൊഴിലാളികളടക്കം കേരളം വിടുകയാണ്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ക്വാറി ഉത്പന്നങ്ങളുടെ വില കഴിഞ്ഞ നാല് മാസത്തിനകം ഇരട്ടിയിലധികമാണ് കൂടിയത്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ലാത്തതിനാല്‍ ചെറുകിട ക്വാറികള്‍ പൂട്ടിക്കിടക്കുന്നത് മുതലെടുത്ത് ജിഎസ്ടിയുടെ മറവില്‍ വന്‍കിടക്കാര്‍ അന്യായമായി വില കൂട്ടുകയാണെന്നാണ് ആക്ഷേപം. ഇതോടെ ആദ്യം പ്രതിസന്ധിയിലായത് ടിപ്പര്‍ തൊഴിലാളികളാണ്. ഓരോ ജില്ലയിലും വിരലിലെണ്ണാവുന്ന ക്വാറികള്‍ മാത്രമായതോടെ ലോഡിനായി മണിക്കൂറുകളാണ് ഓരോരുത്തര്‍ക്കും വരിനില്‍ക്കേണ്ടി വരുന്നത്.

കെട്ടിട നിര്‍മാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. ഉത്പന്ന വില കൂടിയതിന് പുറമേ ജിഎസ്ടിയില്‍ ഇളവ് ആവശ്യപ്പെട്ട് കരാറുകാര്‍ സമരം നടത്തുന്നതിനാല്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലാണ്. ഇതോടെ തൊഴില്‍ നഷ്‌ടപ്പെട്ട് നൂറ് കണക്കിന് പേരാണ് നാട്ടിലേക്ക് പോകുന്നത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.