ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഏഴാം ശമ്പള കമ്മീഷനില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. ഇപ്പോഴത്തെ കുറഞ്ഞ വേതനമായ 18,000 രൂപയില്‍ നിന്നും 21,000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം വേതനം 26,000 ആക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വര്‍ദ്ധനവ് നല്‍കേണ്ടെന്നാണ് തീരുമാനം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 7000ല്‍ നിന്ന് 18000 രൂപയിലേക്ക് പുതുക്കി നിശ്ചയിച്ചത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ശമ്പളം 80,000ല്‍ നിന്ന് 2.5 ലക്ഷമാക്കിയും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇത് അപര്യാപ്തമാണെന്നും 26,000 രൂപയെങ്കിലും ആക്കി കുറഞ്ഞ അടിസ്ഥാന ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 21,000 രൂപയാക്കി അടിസ്ഥാന ശമ്പളം നിശ്ചയിക്കാന്‍ തീരുമാനമാവുന്നത്.