ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും സര്‍ക്കാര്‍ അനുവദിക്കില്ല.
സാമ്പത്തികതട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്, അതിനിയും തുടരും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ഇതാദ്യമായി പ്രതികരിച്ചു കൊണ്ട് മോദി വ്യക്തമാക്കി.
വജ്രവ്യാപാരിയായ നീരവ് മോദിയും ഇയാളുടെ ബന്ധവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചൗക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ തട്ടിയെടുത്തതാണ് പി.എന്‍.ബി കേസ്. കഴിഞ്ഞ ആഴ്ച്ച തട്ടിപ്പ് കണ്ടെത്തിയത് മുതല്‍ പ്രധാനമന്ത്രി മോദിക്കെതിരെ കര്‍ശന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
